രുകാലത്ത് ഇന്ത്യന്‍ നിരത്തുകളെ അടക്കി ഭരിച്ച ജാവ ബൈക്കുകള്‍ മഹീന്ദ്രയിലൂടെ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം വരവില്‍ ആദ്യത്തെ അതിഥിയായ ജാവ 350 അടുത്ത വര്‍ഷം തുടക്കത്തോടെ വിപണിയിലെത്തുമെന്നാണ് സൂചന. എന്നാല്‍ ഈ തനിനാടന്‍ ജാവ 350-ക്ക് പുറമേ പഴമയെ ഓര്‍മ്മിപ്പിച്ച് യൂറോപ്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ച ജാവ 350 സ്‌പെഷ്യല്‍ മോഡലാണ് ഇപ്പോള്‍ ജാവ പ്രേമികളുടെ ചര്‍ച്ചാവിഷയം. 

Jawa 350 Special

പഴയ റേസിങ് പാരമ്പര്യം ഉള്‍ക്കൊണ്ടാണ്  ജാവ 350 സ്‌പെഷ്യലിന്റെ നിര്‍മാണം. റെട്രോ കളറിനൊപ്പം മുന്‍ഭാഗത്തെ വലിയ ഫെയറിങ്, ബോഡിയില്‍ വിവിധ ഭാഗത്തുള്ള ക്രോം കവറിങ്ങ്, ബാര്‍ എന്‍ഡ് മിറര്‍ എന്നിവയാണ് 350 സ്‌പെഷ്യലിനെ വ്യത്യസ്തനാക്കുന്നത്. റൗണ്ട് ഹെഡ്‌ലൈറ്റ് കൗള്‍, മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, കഫേ റേസര്‍ മാതൃകയിലുള്ള പിന്‍ഭാഗം എന്നിവ എളുപ്പത്തില്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും.  

171 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം, അതായത് ജാവ 350 OHC-യെക്കാള്‍ 11 കിലോഗ്രാം കൂടുതല്‍. 17 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മുന്നില്‍ സ്റ്റാന്റേര്‍ഡ് ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍സ്ഷന്‍. സുരക്ഷ നല്‍കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. 

Jawa 350 Special

397 സിസി പാരലല്‍-ട്വിന്‍ എയര്‍-കൂള്‍ഡ് എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 27.7 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 30.6 ബിഎച്ച്പി പവറും നല്‍കും. നിലവില്‍ ഈ മോഡല്‍ ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച സൂചനയൊന്നും കമ്പനി നല്‍കിയിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡ് കഫേ റേസറിനോട് മത്സരിക്കാന്‍ 350 സ്‌പെഷ്യലിനെ ജാവ ഇങ്ങോട്ടെത്തിക്കാന്‍ സാധ്യതയുണ്ട്‌. 

Content Highlights; New Jawa 350 Special Retro-Styled Motorcycle