കാത്തിരിപ്പിനൊടുവില്‍ ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍ ബൈക്ക് 2018 ഗോള്‍ഡ്‌വിങ്ങ് ടോക്യോ മോട്ടോര്‍ ഷോയില്‍ അവതരിച്ചു. മുന്‍ തലമുറ ഗോള്‍ഡ് വിങ്ങില്‍ നിന്നും ഏറെ മാറ്റങ്ങള്‍ സഹിതമാണ് പുതിയ മസില്‍മാന്‍ ഗോള്‍ഡ് വിങ്ങിന്റെ എന്‍ട്രി. ന്യൂജെന്‍ രൂപം കൈവരാന്‍ വിവിധ ബോഡി വര്‍ക്കുകള്‍ക്കൊപ്പം പുതിയ ഷാസിയില്‍ വാഹനത്തിന്റെ എന്‍ജിനും പരിഷ്‌കരിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ഷാസി ഉപയോഗിച്ചതിനാല്‍ മുന്‍പത്തെക്കാള്‍ 40 കിലോഗ്രാം ഭാരം കുറവാണ് പുതിയ പതിപ്പിന്. നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഹോണ്ട നിരയില്‍ ഗോള്‍ഡ് വിങ്ങിന്റെ അരങ്ങേറ്റം. അവസാനമായി മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗോള്‍ഡ് വിങ്ങിന്റെ മുഖംമിനുക്കിയ മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നത്.  

എതിരാളികളില്‍ നിന്ന് മത്സരം വര്‍ധിച്ച സാഹചര്യത്തില്‍ രൂപത്തില്‍ പ്രകടമായ മാറ്റങ്ങള്‍ നല്‍കിയാണ് പുതിയ അവതാരം എത്തിയത്. ബോഡി വര്‍ക്കിനൊപ്പം പുതിയ എല്‍.ഇ.ഡി ഹെഡ്​ലാംബ്, കൂടുതല്‍ ഫീച്ചേഴ്സ് ഉള്‍ക്കൊണ്ട ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ഇഗ്‌നീഷ്യന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്‌, ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, സാറ്റ്ലൈറ്റ് നാവിഗേഷന്‍ സൗകര്യം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 1833 സിസി ലിക്വിഡ് കൂള്‍ഡ് സിക്‌സ് സിലിണ്ടര്‍ എന്‍ജിന്‍ 126 എച്ച്പി പവറും 169.4 എന്‍എം ടോര്‍ക്കും നല്‍കും. നേരത്തെ ഇത് യഥാക്രമം 118 എച്ച്പി, 166.7 എന്‍എം ടോര്‍ക്കുമായിരുന്നു. പഴയ പതിപ്പിനെക്കാള്‍ വലുപ്പം എന്‍ജിന് കുറവാണ്. കൂടുതല്‍ ഇന്ധനക്ഷമത 2018 ഗോള്‍ഡ് വിങ്ങില്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 

അധിക സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും വാഹനത്തിലുണ്ട്. രണ്ടു വേരിയന്റുകളിലാണ് ഗോള്‍ഡ് വിങ്ങിന്റെ റീഎന്‍ട്രി. സ്റ്റാന്റേര്‍ഡ് ഗോള്‍ഡ് വിങ്ങും കൂടുതല്‍ ടെക്‌നിക്കല്‍ ഫീച്ചേഴ്‌സുള്ള ഗോള്‍ഡ് വിങ്ങ് ടൂര്‍ എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/ 7 സ്പീഡ് സ്പീഡ് DCT ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും. ടൂര്‍, സ്‌പോര്‍ട്ട്, എക്കോ, റെയിന്‍ എന്നീ ഡ്രൈവിങ്ങ് മോഡുകളില്‍ വാഹനം ഓടിക്കാം. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഗോള്‍ഡ് വിങ്ങ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും. ഇറക്കുമതി വഴി നിലവിലുള്ള ഗോള്‍ഡ് വിങ്ങ് ഹോണ്ട ഇന്ത്യയില്‍ വിറ്റഴിക്കുന്നതിനാല്‍ പുതിയ 2018 ഗോള്‍ഡ് വിങ്ങ് അടുത്ത വര്‍ഷം പകുതിയോടെ ഇങ്ങോട്ടെത്താന്‍ സാധ്യതയുണ്ട്. വില 30 ലക്ഷത്തിന് മുകളില്‍ പ്രതീക്ഷിക്കാം.