
-
ഹീറോ ഗ്ലാമര്‍, ഈ പേര് അറിഞ്ഞിട്ടതാണ്. കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ഏറ്റവും സ്റ്റൈലിഷ് ബൈക്ക് ഹീറോ ഗ്ലാമര്‍ ആണെന്നതില്‍ തര്‍ക്കമില്ല. പണ്ടേ സുന്ദരനായ ഈ ബൈക്ക് കൂടുതല്‍ സ്റ്റൈലിഷായിരിക്കുകയാണ്. പുതിയ നിറങ്ങള്‍, പുത്തന്‍ എന്ജിന്, കൂടുതല്‍ കരുത്ത് എന്നിങ്ങനെ നീളുന്നതാണ് ഗ്ലാമറിന്റെ ഇത്തവണത്തെ പ്രത്യേകതകള്‍.
ബിഎസ്-6 ബൈക്ക് നിര വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഗ്ലാമറിന്റെ പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ഹീറോ എക്സ്ട്രീം 160ആര്, എക്സ്പള്‍സ് 200 റാലി കിറ്റ് എന്നിവയ്ക്കൊപ്പമാണ് ഗ്ലാമറിനെയും ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. 2006-ല്‍ ഇന്ത്യയിലെത്തിയ ഗ്ലാമര്‍ കമ്മ്യൂട്ടര്‍ ബൈക്ക് നിരയിലെ കിരീടം വയ്ക്കാത്ത രാജാവാണ്.
ഡിസൈന്‍ ശൈലിയില്‍ കാര്യമായ മറ്റം വരുത്തിയാണ് ഗ്ലാമര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ഹെഡ്ലൈറ്റിനും വൈസറിനും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ടാങ്കിലും കൗളിലും കൂടുതല്‍ ഗ്രാഫിക്സ് ഡിസൈനുകളും നല്‍കിയാണ് ഗ്ലാമറിനെ സ്റ്റൈലിഷാക്കിയിരിക്കുന്നത്. ഇതിനുപുറമെ, മറ്റ് പല ചെറിയ മാറ്റങ്ങളും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.
ഹീറോയുടെ മറ്റ് ബൈക്കുകളില്‍ നല്‍കിയിട്ടുള്ള ഐഡിയല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം ഗ്ലാമറിലും ഇടംപിടിച്ചിട്ടുണ്ട്. ഇത് വാഹനത്തിന് കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കും. കൂടുതല്‍ ദൃഢതയുള്ള ഡയമണ്ട് ഫ്രെയിമിലാണ് ഗ്ലാമര്‍ ഒരുങ്ങിയിരിക്കുന്നത്. ഇത് 20 ശതമാനം അധിക ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്നുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള പുതിയ 125 സിസി എന്‍ജിനാണ് ഗ്ലാമറിന് കരുത്തേകുന്നത്. ഇത് 10.73 ബിഎച്ച്പി പവറും 10.6 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുമ്പുണ്ടായിരുന്ന നാല് സ്പീഡ് ഗിയര്‍ബോക്സിന്റെ സ്ഥാനത്ത് ഇത്തവണ അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഗ്ലാമറില്‍ ഇടംപിടിച്ചിട്ടുള്ളത്.
ക്യാന്‍ഡ് റെഡ്, സ്പോര്‍ട്സ് റെഡ്, ടെക്നോ ബ്ലു, ടൊര്‍ണാഡോ ഗ്രീന്‍ എന്നീ നാല് നിറങ്ങളിലെത്തുന്ന ഗ്ലാമറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് 68,900 രൂപയും ഡിസ്ക് ബ്രേക്ക് പതിപ്പിന് 72,400 രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
Content Highlights: New Hero Glamour Unveiled In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..