പരമ്പരാഗത ഡിസൈന്‍ ശൈലി കൈവിടാത്ത കമ്പനിയെന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ചീത്തപ്പേര് മാറ്റിയ ബൈക്കാണ് തണ്ടര്‍ബേഡ്. യുവത്വം തുളുമ്പുന്ന ഡിസൈനില്‍ പിറന്ന ഈ ബൈക്ക് വീണ്ടും ചുള്ളനാകുന്നു. പുതിയ മാറ്റങ്ങളോടെയെത്തുന്ന തണ്ടര്‍ബേഡിന്റെ ചിത്രങ്ങള്‍ പുറത്തായി.
പുറത്തുവരുന്ന ചിത്രങ്ങള്‍ അനുസരിച്ച് പ്രധാനമാറ്റം ദൃശ്യമാകുന്നത് പിന്‍ഭാഗത്താണ്. വളരെ പുതുമ തോന്നിക്കുന്ന ടെയ്ല്‍ലാമ്പാണ് പുതിയ തണ്ടര്‍ബേഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ളതും വലിപ്പം കുറഞ്ഞതുമായ ലൈറ്റ് കാഴ്ചയില്‍ ജാവയുമായി വിദൂരസാമ്യം തോന്നിപ്പിക്കുന്നുണ്ട്.
സീറ്റുകളിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്പ്ലിറ്റ് സീറ്റാണ് പുതിയ തണ്ടര്ബേഡിലുള്ളത്. സ്പ്ലീറ്റ് ഗ്രാബ് റെയില്‍ റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളിലെ പുതുമയാണ്. രണ്ട് വശങ്ങളില് നിന്നാരംഭിക്കുന്ന കൂര്‍ത്ത ഗ്രാബ് റെയിലാണ് നല്‍കിയിട്ടുള്ളത്.
കറുപ്പണിഞ്ഞ അലോയി വീല്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ് എന്നിവയും ഡിസൈനില്‍ നേരിയ മാറ്റം വരുത്തിയിട്ടുള്ള പെട്രോള്‍ ടാങ്കും അല്‍പ്പം സൈഡിലേക്ക് മാറിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, ഹെഡ്ലൈറ്റിലുമെല്ലാം പുതുമ നിറഞ്ഞിട്ടുണ്ട്.
പുതിയ തണ്ടര്‍ബേഡ് 400 സിസിയായിരിക്കുമെന്നാണ് സൂചന. നിലവിലുള്ള 350 സിസിക്കും 500 സിസിക്കും പകരക്കാരനാകും ഈ എന്‍ജിനെന്നാണ് സൂചന. ഡ്യുവല്‍ ഡിസ്ക് ബ്രേക്കും ഇരട്ട ചാനല്‍ എബിഎസും ഈ വാഹനത്തിന് സുരക്ഷയൊരുക്കുമെന്നാണ് സൂചന.
Content Highlights: New Generation Royal Enfield Thunderbird