ഒരേനമ്പറിലുള്ള രണ്ട് എൻഫീൽഡ് ബുള്ളറ്റുകൾ വടകര ആർ.ടി.ഒ. ഓഫീസ് പരിസരത്ത്.
KL 04 A 4442 ഈ നമ്പര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ വടകര ആര്.ടി.ഓഫീസിന്റെ വലിയ തലവേദനയായിരുന്നു. സാധാരണ ഒരു നമ്പറില്‍ ഒരു വണ്ടി മാത്രമുള്ളപ്പോള്‍ ഈ ഒരു നമ്പറില്‍ രണ്ട് വണ്ടികള്‍, അതും ഒരേ മോഡല്‍ വണ്ടികള്‍ ഇതായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന് തലവേദന ഉണ്ടാക്കിയിരുന്നത്. എന്നാല്‍, വളരെ വിദഗ്ധമായ അന്വേഷണത്തിനൊടുവില്‍ നെല്ലും പതിരും വേര്‍തിരിച്ചിരിക്കുകയാണ് വടകര മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.
എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരേ നമ്പറില്‍ രണ്ട് ബുള്ളറ്റുകള്‍ ഓടുന്നെന്ന വിവരം ലഭിക്കുന്നത്. ഒന്ന് വടകര മേമുണ്ട സ്വദേശിയുടെ പേരിലും മറ്റൊന്ന് പാനൂര്‍ സ്വദേശിയുടെ പേരിലുമായിരുന്നു. 1993-ല്‍ ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് പല ആളുകള്‍ കൈമാറിയാണ് ഇവിടെ എത്തിയത്. ഒടുവില്‍ ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകളും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുകയും തുടര്‍ന്നുള്ള അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള ഇരട്ട വണ്ടികളായിരുന്നു ഇവ. ചേസിസ് നമ്പറും എന്ജിന് നമ്പറുമെല്ലാം ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ഇതിലെ വ്യാജന് ബൈക്കിലും കൊത്തിയിട്ടുണ്ട്. രണ്ട് ഉടമകളും വാഹനങ്ങള്‍ വാങ്ങിയത് പല ആളുകള്‍ കൈമാറിയാണെന്നതും വെല്ലുവിളിയായി. വടകരയിലെ ബൈക്ക് ഒരു വ്യാപാരിയാണ് ഉപയോഗിക്കുന്നത്. ഇതേനമ്പറിലുള്ള പാനൂര്‍ സ്വദേശിയുടെ ബൈക്ക് രജിസ്ട്രേഷനായി എത്തിയപ്പോഴാണ് ഒരു നമ്പറിലുള്ള രണ്ട് ബൈക്കുകളുള്ള വിവരം പുറത്തായത്.
ഒറിജിനല്‍ ബൈക്കിനെ കണ്ടുപിടിക്കാനായി 1993-ല്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിന്റെ വിവരങ്ങള്‍ തേടി ജന്മനാടായ ആലപ്പുഴ ആര്.ടി.ഓഫീസിലേക്ക്. വണ്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശേഖരിച്ച ചേസിസ് നമ്പറിന്റെ പെന്‍സില്‍ പ്രിന്റ് ഒട്ടിച്ച് സൂക്ഷിച്ച് വെച്ച വണ്ടി രജിസ്റ്റര്‍ (Birth Register-B Register) കണ്ടെടുത്തു. പിന്നീട് ചേസിസ് നമ്പര്‍ ഒത്തുനോക്കിയാണ് ഇവരിലെ വ്യാജനെ കണ്ടെത്തിയത്. വടകര എ.എം.വി.ഐ. പി.വിവേക് രാജ് ആണ് ഈ ഉദ്യമത്തിന് പിന്നില്‍.
1993-ലാണ് ഈ ബൈക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ വടകരയിലെ വ്യാപാരി ഉപയോഗിച്ചിരുന്ന ബൈക്ക് 2022 ജനുവരിയില്‍ വടകര ആര്.ടി. ഓഫീസില്‍ നിന്ന് റീ-രജിസ്ട്രേഷന് നടത്തുകയും 2026 വരെ പുതുക്കി നല്‍കുകയും ചെയ്തിരുന്നു. അതേസമയം, പാനൂര്‍ സ്വദേശിയുടെ ബൈക്ക് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് രജിസ്ട്രേഷന് പുതുക്കാന്‍ എത്തിയപ്പോഴാണ് ഈ നമ്പറില്‍ മുമ്പ് ഒരു വാഹനം രജിസ്റ്റര്‍ ചെയ്ത വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നത്.
Content Highlights: MVD caught two bullet with same registration, engine and chassis number, mvd kerala, fake number
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..