സാധാരണ ആളുകളെ പോലെ പോലീസുകാര്‍ക്കിടയിലുമുണ്ട് കടുത്ത വാഹനപ്രേമികള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുള്ള പല വീഡിയോകളിലൂടെ അത് ശരിയാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഡ്യുട്ടിക്കിടയില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ അവസരം കിട്ടിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സുസുക്കിയുടെ സൂപ്പര്‍ ബൈക്കായ ഹയാബുസയില്‍ ഒരു ചെറിയ റൈഡ് നടത്തിയത്. 

എസ്.സി12 വ്‌ളോഗ് എന്ന യുട്യൂബ് ചാനലാണ് പോലീസ് ഉദ്യോഗസ്ഥന്‍ വളരെ ആസ്വദിച്ച് ഹയാബുസ ഓടിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിലെ സീ ലിങ്ക് റോഡിലൂടെയാണ് പോലീസുകാരന്‍ ഹയാബുസ ഓടിച്ച് പോകുന്നത്. വളരെ പതിയ ബൈക്കില്‍ എത്തുകയും റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്ന ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം ബാരിക്കേഡ് നീക്കി ഉടമയുടെ അടുത്തേക്ക് ബൈക്കുമായി പോകുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍, ഹയാബുസ ഓടിച്ച പോലീസുകാരന്റെയോ ബൈക്ക് ഉടമയുടെയോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റെഗുലര്‍ ചെക്കിങ്ങിന്റെ ഭാഗമായി ബൈക്ക് നിര്‍ത്തിച്ച ശേഷം അദ്ദേഹം ബൈക്ക് ഓടിച്ച് നോക്കാന്‍ ചോദിക്കുകയായിരുന്നെന്നാണ് കരുതുന്നത്. വളരെ അധികം സൂക്ഷിച്ചും ആസ്വദിച്ചുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് ഓടിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കുറഞ്ഞ ദൂരം മാത്രമാണ് അദ്ദേഹം ഹയാബുസ ഓടിച്ചത്.

Content Highlights: Mumbai Police Official Drive Suzuki Hayabusa Super Bike