ബൈക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന ഇന്ധനക്ഷമത കൂടി പരിഗണിച്ച വര്‍ഷമായിരുന്നു 2018. അതുകൊണ്ട് തന്നെ ഉയര്‍ന്ന ഇന്ധന ക്ഷമത ഉറപ്പ് നല്‍കുന്ന ബൈക്കുകളുടെ വില്‍പ്പനയില്‍ വലിയ നേട്ടമുണ്ടാക്കാനും നിര്‍മാതാക്കള്‍ക്ക് സാധിച്ചിരുന്നു. ഇന്ധന ക്ഷമത ഹൈലൈറ്റ് ചെയ്ത കഴിഞ്ഞ വര്‍ഷമെത്തിയ ബൈക്കുകളെ അറിയാം.

പെര്‍ഫോമെന്‍സ് ബൈക്ക്, സൂപ്പര്‍ ബൈക്ക്, സ്ട്രീറ്റ് ഫൈറ്റര്‍ തുടങ്ങി പല ശ്രേണികളിലായി നിരവധി ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു. എന്നാല്‍, ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കിയത് ബജാജിന്റെ രണ്ട് മോഡലുകളും ടിവിഎസിന്റെ ഒരു ബൈക്കുമാണ്.

1, ബജാജ് ഡിസ്‌കവര്‍ 110

Discover 110

ബജാജ് ഡിസ്‌കവര്‍ ശ്രേണിയില്‍ എത്തിച്ചിട്ടുള്ള ബൈക്കുകളുടെ രൂപം തന്നെയായിരുന്നു ഈ ഡിസ്‌കവര്‍ 110-നും. എന്നാല്‍, എല്‍ഇഡി ഡേ ടൈം റണ്ണിംങ് ലൈറ്റും വേറിട്ട് നില്‍ക്കുന്ന ഗ്രാഫിക്‌സ് ഡിസൈനും ഇതില്‍ പുതുമയായിരുന്നു. 

115 സിസി സിഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഡിസ്‌കവര്‍ 110-ലുള്ളത്. ഇത് 8.4 ബിഎച്ച്പി പവറും 9.8 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 76.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ഈ ബൈക്കില്‍ തെളിയിച്ചിട്ടുണ്ട്. 52,326 രൂപയാണ് ഈ ബൈക്കിന്റെ വില.

2, ടിവിഎസ് റേഡിയോണ്‍

TVS Radeon

കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഏറ്റവുമധികം മോഡലുകളുള്ള കമ്പനിയാണ് ടിവിഎസ്. ഇവര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ബൈക്കാണ് റേഡിയോണ്‍. കാഴ്ചയില്‍ സ്മാര്‍ട്ടും, ഇന്ധനക്ഷമതയില്‍ മികവുമാണ് ടിവിഎസ് ഈ ബൈക്കിന് അവകാശപ്പെട്ട ഗുണം. 

ടിവിഎസ് റേഡിയോണ്‍ 109.7 സിസിയില്‍ 9.5 ബിഎച്ച്പി പവറും 9.4 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 69.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പ് നല്‍കിയിട്ടുള്ള ഈ ബൈക്കിന്റെ വില 48,990 രൂപയിലാണ് ആരംഭിക്കുന്നത്. 

3, ബജാജ് ഡിസ്‌കവര്‍ 125

Discover 125

100 സിസി മുതല്‍ 150 സിസി വരെ ശേഷിയുള്ള ബൈക്കുകള്‍ ഡിസ്‌കവര്‍ ബാഡ്ജില്‍ എത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സ്വീകര്യത ലഭിച്ച ബൈക്കാണ് 125 സിസി ഡിസ്‌കവര്‍. മികച്ച കരുത്തും ആകര്‍ഷകമായ ഇന്ധനക്ഷമതയുമാണ് ഈ ബൈക്കിനെ ജനപ്രീയമാക്കിയത്. 

124 സിസിയില്‍ 11 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കുമാണ് ഡിസ്‌കവര്‍ 125 ഉത്പാദിപ്പിക്കുന്നത്. 67 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിട്ടുള്ള ഈ ബൈക്കിന് 57,165 മുതല്‍ 59,488 രൂപയാണ് വില.

Content Highlights: Most Fuel Efficient Bikes Of 2018