പള്‍സര്‍ ശ്രേണിയില്‍പ്പെട്ട ബൈക്കുകള്‍ പുതുക്കി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞ വര്‍ഷത്തോടെ വില്പന നിലച്ച പള്‍സര്‍ NS 200 ബജാജ് ഓട്ടോ തിരിച്ചെത്തിക്കുന്നു. സ്പോര്‍ട്ടി ലുക്കിന് പ്രാധാന്യം നല്കി 2012-ല്‍ പുറത്തിറിക്കിയ NS 200 -ന് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്. എന്നാല്‍ നിര്‍മാണം അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി കമ്പനി അറിയിച്ചിരുന്നില്ല. മുന്‍ മോഡലില്‍നിന്ന് വലിയ മാറ്റങ്ങളില്ലാത്ത ന്യൂജെന്‍ NS 200 അടുത്ത വര്‍ഷം ജനുവരി പകുതിയോടെ രാജ്യത്തെത്തും.
രൂപത്തില്‍ ചെറിയ മിനുക്കുപണികള്‍ക്കൊപ്പം പുതിയ ബോഡി ഗ്രാഫിക്സിലാണ് NS 200-ന്റെ വരവ്. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ഭാരത് സ്റ്റേജ് 4 നിലവാരം കൈവരിച്ച എഞ്ചിനാണ് ബൈക്കിലെ പ്രധാന മാറ്റം. ഓപ്ഷണലായി ABS (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) സംവിധാനവുമുണ്ട്. ഇതുവഴി വിപണിയില്‍ മുഖ്യ എതിരാളിയായ ടിവിഎസ് RTR 200 -നെക്കാള്‍ ഒരുപടി മുന്നിലെത്താന്‍ ബജാജിന് സാധിക്കും. മാസംതോറും 3000 യൂണിറ്റില്‍ താഴെ യൂണിറ്റുകള്‍ വിറ്റഴിഞ്ഞ NS 200, പള്‍സര്‍ AS സീരിസിന്റെ കടന്നുവരവോടെയാണ് പൂര്‍ണമായും രംഗമൊഴിഞ്ഞത്.
പള്‍സര്‍ RS 200-ലെതിന് സമാനമായി സിംഗിള്‍ ചാനല്‍ ABS ആയിരിക്കും NS 200-ലും നല്‍കുക. എന്നാല്‍ ഫ്യുവല്‍ ഇഞ്ചക്ഷന് സിസ്റ്റം ഉള്‍ക്കൊള്ളിക്കുമെന്ന് ഉറപ്പില്ല. ചെറിയ ശതമാനം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല. 199.5 സിസി ലിക്വിഡ് കൂള്‍ഡ് 4 വാള്‍വ് കാര്‍ബറേറ്റഡ് എഞ്ചിന് 23.5 ബിഎച്ച്പി കരുത്തും 18.3 എന്‍എം ടോര്‍ക്കുമേകും. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയില്‍ 30-40 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഏകദേശം 95,000 രൂപയാകും ഡല്‍ഹി എക്സ്ഷോറൂം വില.
നിലവില്‍ പ്രീമിയം സ്പോര്‍ട്സ് സെഗ്മെന്റില്‍ 45 ശതമാനം വിഹിതവും ബജാജിന് സ്വന്തമാണ്. പള്‍സര്‍ റേഞ്ചിനൊപ്പം NS 200 തിരിച്ചുവരുന്നതോടെ ഈ സെഗ്മെന്റില്‍ വ്യക്തമായ ആധിപത്യം ബജാജിന് സ്വന്തമാകും. എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ശ്രേണിയില്‍ തുടക്കം കുറിക്കാന്‍ കരുത്തന് 400 സിസി ഡോമിനാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബജാജ് പുറത്തിറക്കിയത്. പള്‍സര്‍ 135, 150, 180, 220F, NS200, AS150, AS200, RS200 മോഡലുകളിലൂടെ 2017-ല്‍ വന്‍ വിജയമാണ് ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..