ഇരുചക്ര വിപണിയില്‍ നിരത്തിലെ രാജാക്കന്മാരായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ശക്തനായ എതിരാളിയായി കവാസാക്കി W800 ക്ലാസിക് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയിലെക്കെത്തുന്നു. വിപണിയിലെ പ്രതികരണം അറിയാന്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ W800-ന്റെ ഒരു യൂണിറ്റ് നിലവില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തുടക്കത്തില്‍ വാണ്യജ്യാടിസ്ഥാനത്തില്‍ മോഡല്‍ വിറ്റഴിക്കും.
കരുത്തില്‍ ബുള്ളറ്റിനെക്കാള്‍ മുന്നിലാണ് 773 സിസി എഞ്ചിനിലെത്തുന്ന കവസാക്കി W800. എന്നാല്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ വില ബുള്ളറ്റിന്റെ നാലിരട്ടിയും, എകദേശം 5-8 ലക്ഷത്തിനുള്ളില്‍. 773 സിസി എയര്‍കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിന് 6500 ആര്‍പിഎമ്മില്‍ 48 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.
സുരക്ഷയുടെ കാര്യത്തില്‍ അത്ര കേമനല്ല ഇവന്. മുന്നില്‍ 300 എംഎം സിംഗിള്‍ ഡിസ്ക് ബ്രേക്കുണ്ടെങ്കിലും പിന്നില്‍ 160 എംഎം ഡ്രം ബ്രേക്കാണ്. ABS (ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം) നല്‍കിയിട്ടില്ല. ഉയര്‍ന്ന കരുത്തില്‍ ബുള്ളറ്റിനൊപ്പം ട്രയംഫ് ബോണ്‍വില്ല സ്ട്രീറ്റ്, ഡ്യുക്കാട്ടി സ്ക്രാബ്ളര്‍ മോഡലുകളാകും കവാസാക്കി W 800-ന്റെ മുഖ്യ എതിരാളികള്‍.
14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 2190 എംഎം നീളവും 790 എംഎം വീതിയും 1075 എംഎം ഉയരവും 1465 എംഎം വീല്‍ബേസും 125 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിനുണ്ട്. റൗണ്ട് ഹെഡ്ലാമ്പ്, ഓവല്‍ ടെയ്ല് ലാമ്പ്, ക്രേം നിറത്തിലുള്ള ഫ്രണ്ട്-റിയര്‍ മഡ്ഗാഡ്, ക്രോം നിറത്തിലുള്ള ഡബിള്‍ സൈലന്‍സര്‍-മിറര്‍ എന്നിവ കവാസാക്കി W800 -ന് മസില്മാന് ലുക്ക് നല്‍കുന്നുണ്ട്.
800 സിസിക്ക് താഴെയുള്ള കവാസാക്കി ബൈക്കുകള്‍ നിലവില്‍ ഇന്ത്യയിലാണ് അസംബിള്‍ ചെയ്യുന്നത്. അധികം വൈകാതെ പുതിയ മോഡലും ഇവിടെതന്നെ അസംബിള്‍ ചെയ്യാനാണ് സാധ്യത. ഇന്തോനേഷ്യയടക്കം നിരവധി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിര്‍മാണം അവസാനിപ്പിച്ചാണ് കവാസാക്കി W 800 വന്‍ വിപണി വിഹിതം ലക്ഷ്യമിട്ട് രാജ്യത്തെത്തുന്നത്. കരുത്ത് വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ കരുത്തനില്‍ കരുത്തനായ 750 സിസി മോഡല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിരത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..