ചെറു ബൈക്ക് ശ്രേണിയില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് (HMSI) പുറത്തിറക്കിയ നവിയുടെ ഉല്‍പ്പാദനം കമ്പനി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നിരത്തിലെത്തിയ നവിക്ക് ലഭിച്ച മികച്ച ജനപ്രീതിയാണ് ഉല്‍പ്പാദനം ഏകദേശം ഒരു ലക്ഷത്തോളമായി വര്‍ധിപ്പിക്കാനുള്ള കാരണം.
ഓരോ മാസവും 2000 യൂണിറ്റുകള്‍ വീതം ആദ്യ വര്‍ഷം പരമാവധി 50000 യൂണിറ്റുകള്‍ നിര്‍മിക്കാനായിരുന്നു നേരത്തെ കമ്പനിയുടെ പദ്ധതി. എന്നാല്‍ പ്രതീക്ഷിച്ചതിലും ഇരട്ടി ബുക്കിങ്ങുകള്‍ ലഭിച്ചതിനാലാണ് ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ തീരുമാനിച്ചതെന്ന് HMSI സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡണ്ട് യദ് വീന്ദര്‍ സിംങ് ഗുലേറിയ അറിയിച്ചു.
പൂര്‍ണമായും ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയ നവി അടുത്തിടെ നേപ്പാള്‍ വിപണിയിലേക്കും കയറ്റി അയച്ചിരുന്നു. പരമ്പരാഗത ബൈക്ക് രൂപത്തില്‍ നിന്ന് വലിയൊരു മാറ്റവുമായി ഇന്ത്യയിലെത്തിയ നവിക്ക് കമ്പനി പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
'ന്യൂ അഡീഷണല്‍ വാല്യൂ ഫോര്‍ ഇന്ത്യ' എന്നതിന്റെ ചുരുക്കെഴുത്താണ് 'നവി'. 'ആക്ടീവ' പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി, ബൈക്കിന്റെ രൂപത്തിലാണ് 'നവി' സാക്ഷാത്കരിച്ചിരിക്കുന്നത്. നീളത്തിലും ഭാരത്തിലും 'നവി' സ്കൂട്ടറിലും ചെറുതാണ്. 109 സിസി എഞ്ചിന് 7000 ആര്‍പിഎമ്മില്‍ പരമാവധി 8 പിഎസ് കരുത്തും 5500 ആര്‍പിഎമ്മില്‍ 8.96 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.
കുഞ്ഞന്‍ നവിക്ക് മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ച് ടയറുകളുമാണുള്ളത്. ഇരു സൈഡിലും 130 എംഎം ഡ്രം ബ്രേക്കാണ്. പാട്രിയോട്ട് റെഡ്, ഹോപ്പര്‍ ഗ്രീന്‍, ഷാസ്ത വൈറ്റ്, സ്പാര്‍ക്കി ഓറഞ്ച്, ബ്ലാക്ക് എന്നീ അഞ്ചു നിറങ്ങളിലാണ് നവി ലഭ്യമാകുക. 40000 രൂപയാണ് എക്സ്ഷോറൂം വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..