ഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ പ്യൂഷെ മോട്ടോര്‍ സൈക്കിള്‍സിന്റെ ത്രീ വീലര്‍ സ്‌കൂട്ടര്‍ മെട്രോപോളിസ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംനേടി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിലെ വാഹനവ്യൂഹത്തിലേക്കാണ് ഈ സ്‌കൂട്ടര്‍ എത്തിയിട്ടുള്ളത്. ഫ്രാന്‍സില്‍ മെട്രോപോളിസ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. 

പ്യൂഷെ മോട്ടോര്‍സൈക്കിള്‍ ഒരു മികച്ച കമ്പനിയായി മുന്നേറുകയാണെന്ന തലകെട്ടോടെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. എലിസി പാലസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്യൂഷെ മെട്രോപൊളീസ് സ്‌കൂട്ടറിന്റെ ചിത്രം ഉള്‍പ്പെടെ മഹീന്ദ്ര ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ മേധാവി ട്വീറ്റ് ചെയ്തിരുന്നു. ഇത് റീ ട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര ഈ സന്തോഷ വാര്‍ത്ത ജനങ്ങളെ അറിയിച്ചത്. 

ഫ്രാന്‍സില്‍ സാന്നിധ്യമറിയിക്കുന്നതിന് മുമ്പ് 2020 മേയ് മാസത്തോടെ ചൈനയിലെ ഗുവാങ്ഡോംഗ് സിറ്റി പോലീസ് സേനയിലേക്കും ഈ വാഹനമെത്തിയിരുന്നു. ഫ്രാന്‍സില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഈ വാഹനം സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മഹീന്ദ്ര താത്പര്യം അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പ്രസിഡന്റിന്റെ വാഹന വ്യൂഹത്തില്‍ പ്യൂഷെ മെട്രോപോളിസിന് ഇടം നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്യൂഷെ മെട്രോപോളിസിന്റെ വില കുറഞ്ഞ മോഡല്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചിരുന്നു. എന്നാല്‍, ഈ ത്രീ വീലര്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടുന്ന മാക്‌സി സ്‌കൂട്ടര്‍ എന്ന ശ്രേണി ഇന്ത്യന്‍ വാഹനവിപണിയില്‍ വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. അതിനാല്‍ തന്നെ മെട്രോപോളിസ് എത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ സമയം വെളിപ്പെടുത്താന്‍ മഹീന്ദ്രയും തയാറായിട്ടില്ല.

മൂന്ന് ടയറുകളിലായി മികച്ച റോഡ് പ്രസന്റ്‌സ് നല്‍കുന്ന സ്‌കൂട്ടറാണ് മെട്രോപോളിസ്. ഈ മാക്‌സി സ്‌കൂട്ടറിന്റെ മുന്നില്‍ രണ്ടും പിന്നില്‍ ഒരു ചക്രവുമാണ് നല്‍കിയിട്ടുള്ളത്. വലിയ വിന്‍ഡ് സ്‌ക്രീന്‍, വീതിയുള്ള മുന്‍ഭാഗം, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ് ഇതിലെ ഡിസൈന്‍ ഹൈലൈറ്റ്. 35 ബിഎച്ച്പി പവറും 38 എന്‍എം ടോര്‍ക്കുമേകുന്ന 400 സിസി എന്‍ജിനാണ് മെട്രോപോളിസിന്റെ ഹൃദയം. ഡിസ്‌ക് ബ്രേക്കും എബിഎസുമാണ് സുരക്ഷയൊരുക്കുന്നത്.

Content Highlights: Mahindra-Owned Peugeot Motocycles' Metropolis Added To France's President Vehicle Fleet