സ്‌പോര്‍ട്‌സ് ബൈക്കുകളുടെ തലയെടുപ്പുമായി ഇന്ത്യയുടെ നിരത്തുകളിലെത്തിയ ഇന്ത്യന്‍ ബൈക്കാണ് മഹീന്ദ്ര മോജോ. മസ്‌കുലര്‍ ഭാവവും മികച്ച കരുത്തും ശബ്ദഗാംഭീര്യവുമുള്ള ഈ ബൈക്കിന്റെ ബിഎസ്-6 പതിപ്പ് നിരത്തുകളിലെത്താനൊരുങ്ങുന്നു. കൂടുതല്‍ കരുത്തിനൊപ്പം ഫീച്ചറുകളിലും സമ്പന്നമായാണ് ഈ ബൈക്ക് എത്തുന്നത്. 

മോജോയില്‍ മുമ്പ് കണ്ട് ശീലിച്ചിട്ടില്ലാത്ത മൂന്ന് പുത്തന്‍ നിറങ്ങളിലും ഇത്തവണ ഈ വാഹനമെത്തും. റൂബി റെഡ്, ബ്ലാക്ക് പേള്‍, റെഡ് അഗേറ്റ് എന്നിവയായിരിക്കും പുതിയ നിറങ്ങള്‍. പുതിയ വര്‍ണങ്ങളിലൂള്ള മോജോയുടെ വിവരങ്ങള്‍ നല്‍കിയുള്ള ടീസറുകള്‍ മഹീന്ദ്ര മോജോയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്. 

Mahindra Mojo

അതേസമയം, ഡിസൈന്‍ ശൈലിയില്‍ ബിഎസ്-4 മോഡലില്‍ നിന്ന് കാര്യമായ മറ്റമില്ലാതെയാണ് പുതിയ മോജോയും എത്തുന്നത്. മുന്നിലെ കൗളില്‍ നല്‍കിയിട്ടുള്ള ട്വിന്‍ ഹെഡ്‌ലാമ്പ്, സൈഡ് പാനലുകള്‍, അനലോഗ് ടാക്കോമീറ്റര്‍, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ നല്‍കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമായിരിക്കും പുതിയ മോജോയില്‍ യാത്രാസുഖം നല്‍കുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിക്‌സുമായിരിക്കും ബ്രേക്കിംങ്ങ് ഒരുക്കുന്നതെന്നാണ് വിവരം. രണ്ടുലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന മോജോ ബജാജ് ഡോമിനാറിനോട് ഏറ്റുമുട്ടും.

Mahindra Mojo

UT, XT എന്നീ രണ്ട് വേരിയന്റുകളിലാണ് മോജോ നിരത്തുകളിലെത്തിയിരുന്നത്. 2019 ഓഗസ്റ്റില്‍ ഈ ബൈക്കുകളില്‍ എബിഎസ് സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍, ഒറ്റ വേരിയന്റില്‍ മാത്രമായിരിക്കും ബിഎസ്6 എന്‍ജിനിലുള്ള പുതിയ വേരിന്റ് എത്തുക. ഇതില്‍ എബിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നാണ് വിവരം. 

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്നതിനൊപ്പം കരുത്തും ഉയര്‍ത്തിയ എന്‍ജിനായിരിക്കും പുതിയ മോജോയില്‍ സ്ഥാനം പിടിക്കുകയെന്നാണ് വിവരം. ബിഎസ്4 മോഡലില്‍ നല്‍കിയിരുന്ന 294.72 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.

Content Highlights: Mahindra Mojo BS-6 Engine Teased With Three New Colour