1929-ലാണ് ചെക്കോസ്ലോവാക്യയില്‍ ജാവയുടെ തേരോട്ടം തുടങ്ങുന്നത്. 1950 മുതല്‍ ഇന്ത്യയുടെയും പ്രിയം പിടിച്ചുപറ്റി. റോയല്‍ എന്‍ഫീല്‍ഡല്ലാതെ കാര്യമായ എതിരാളികളില്ലാതിരുന്ന കാലത്ത് ജാവ കരുത്തോടെ മുന്നേറി. സിംപിള്‍ എന്‍ജിനീയറിങ്ങായിരുന്നു ജാവയുടെ പ്രത്യേകത. 

കിണഞ്ഞോടിയിട്ടും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഒപ്പത്തിനൊപ്പം എത്താനാകുന്നില്ല. പിന്നെന്തിനാണിങ്ങനെ വെറുതെ കിതയ്ക്കുന്നത്. ഈ ചിന്തയിലായിരുന്നു മഹീന്ദ്ര. അങ്ങനെയിരിക്കുമ്പോഴാണ് പഴയ പുലി ജാവയെക്കുറിച്ചോര്‍ത്തത്. ആള് ഇന്ത്യക്കാര്‍ക്ക് സിംപിളും പവര്‍ഫുളും ആയിരുന്നു. എന്നാല്‍ അവനെ വച്ചൊരു കളികളിച്ചാലോ. ഇപ്പോള്‍ പുതിയ വിഭാഗത്തില്‍ ഒരു കൈ പയറ്റാന്‍ തന്നെ നിശ്ചയിച്ചിരിക്കുകയാണ് മഹീന്ദ്ര.

mahindra jawa

പണ്ട് ഇന്ത്യന്‍ വിപണിയില്‍ പ്രിയപ്പെട്ടതായിരുന്ന ചെക്കോസ്ലോവാക്യന്‍ ബൈക്ക് ബ്രാന്‍ഡായ ജാവയെ പുതുജീവന്‍ കൊടുത്ത് തിരിച്ചുകൊണ്ടുവരാനാണ് തീരുമാനം. കാഴ്ചയില്‍ ആണൊരുത്തന്‍ ആയിരുന്നല്ലോ ജാവ. റോയല്‍ എന്‍ഫീല്‍ഡ് ഇവിടെ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ആ പാതതന്നെയാണ് മഹീന്ദ്രയുടെ ലക്ഷ്യം. പഴയ പടക്കുതിര യെസ്ഡിയുടെ മട്ടും ഭാവവുമാണ് ജാവയ്‌ക്കെന്ന് പുതുതലമുറയെ പറഞ്ഞു മനസ്സിലാക്കാം.

എവിടെയൊക്കെയോ എന്‍ഫീല്‍ഡിന്റെ നിഴലും കാണാം. ഇന്ത്യയില്‍ ജാവ ബൈക്ക് വിപണിയിലെത്തിച്ചിരുന്ന ഐഡിയല്‍ ജാവ കമ്പനിയാണ് പിന്നീട് യെസ്ഡിയെ അവതരിപ്പിച്ചത്. പുതിയ നീക്കത്തിന്റെ ഭാഗമായി, കഴിഞ്ഞ കാലത്തെ ക്ലാസിക് ബൈക്ക് ബ്രാന്‍ഡുകളെ പുനരവതരിപ്പിച്ച് വിപണിയിലെത്തിക്കുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയില്‍ 60 ശതമാനം ഓഹരി സ്വന്തമാക്കിക്കഴിഞ്ഞു മഹീന്ദ്ര. കഴിഞ്ഞവര്‍ഷം മാത്രം രൂപീകരിക്കപ്പെട്ട കമ്പനി ഇതിനകം നിരവധി ബൈക്കുകള്‍ വിപണിയിലെത്തിക്കാനുള്ള ലൈസന്‍സ് നേടിയിട്ടുണ്ട്.

jawa

പുതിയ നീക്കത്തോടെ കമ്പനിയുടെ നിയന്ത്രണാധികാരം മഹീന്ദ്രയുടേതായി. ചെക്കോസ്ലോവാക്യന്‍ ബൈക്കിനെ ഇന്ത്യയില്‍ പുനരവതരിപ്പിക്കാനുള്ള ലൈസന്‍സിങ് എഗ്രിമെന്റും ഒപ്പിട്ടുകഴിഞ്ഞു. ക്ലാസിക് ജനിതക ഘടനയില്‍ വലിയമാറ്റമൊന്നും വരുത്താതെയായിരിക്കും ജാവയെ വീണ്ടും കളത്തിലിറക്കുക. ആധുനികതയുടെ സമ്മേളനവും ഉണ്ടാകും.നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ രണ്ടുവര്‍ഷത്തെ കാത്തിരിപ്പുമാത്രം മതി. മഹീന്ദ്രയുടെ പിതാംപുര്‍ പ്ലാന്റിലായിരിക്കും നിര്‍മാണം.

jawa

1929-ലാണ് ചെക്കോസ്ലോവാക്യയില്‍ ജാവയുടെ തേരോട്ടം തുടങ്ങുന്നത്. 1950 മുതല്‍ ഇന്ത്യയുടെയും പ്രിയം പിടിച്ചുപറ്റി. റോയല്‍ എന്‍ഫീല്‍ഡല്ലാതെ കാര്യമായ എതിരാളികളില്ലാതിരുന്ന കാലത്ത് ജാവ കരുത്തോടെ മുന്നേറി. സിംപിള്‍ എന്‍ജിനീയറിങ്ങായിരുന്നു ജാവയുടെ പ്രത്യേകത. ഒപ്പം കരുത്തുറ്റ പ്രതീതിയും മുഴക്കമുള്ള ശബ്ദത്തില്‍ വരവറിയിക്കുന്ന എയര്‍കൂള്‍ഡ് എഞ്ചിനും. 250 സി.സി. ജാവയാണ് ഇവിടെ തരംഗമായത്. പിന്നീട് കരുത്തുകൂടിയ 350 സി.സി. ട്വിന്‍ എഞ്ചിനും അവതരിപ്പിച്ചു.

1990 ലാണ് ജാവ ഇന്ത്യന്‍ പര്യടനത്തിന് സുല്ലിട്ടത്. ജാവയുടെ കുടക്കീഴില്‍ തന്നെയായിരിക്കും പുതിയ ബൈക്ക് വിപണിയിലെത്തുക. ജാവയില്‍ മഹീന്ദ്രയുടെ അടയാളങ്ങളൊന്നും ഉണ്ടാകാനും ഇടയില്ല. പുതുതലമുറ സാങ്കേതിക വിദ്യയ്ക്കൊപ്പം മത്സരവും കടുത്ത വിപണിയില്‍ ജാവ പവര്‍ഫുളാണെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കലാണ് വെല്ലുവിളി.

jawa