തൊണ്ണൂറുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ നിരത്തിലെ രാജാക്കന്‍മാരായിരുന്ന ജാവ ബൈക്കുകള്‍ മഹീന്ദ്രയിലൂടെ തിരിച്ചെത്തുകയാണ്. 2017 ഒക്ടോബറിലായിരുന്നു മഹീന്ദ്രയുടെ ക്ലാസിക് ലെജന്റ് ബ്രാന്റ് ജാവയെയും ബ്രിട്ടീഷ് തറവാട്ടില്‍നിന്നുള്ള ബി.എസ്.എ.യുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. പഴയ പ്രൗഡി നിലനിര്‍ത്തി ഈ വര്‍ഷംതന്നെ പുത്തന്‍ ജാവയും വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. രൂപത്തില്‍ ഈ ഐക്കണിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം നിലവിലുളള മോജോ 300 സിസിയുടെ എന്‍ജിന്റെ അടിസ്ഥാനത്തില്‍ പുതിയ എന്‍ജിന്‍ വികസിപ്പിച്ചാകും ജാവയുടെ റീ എന്‍ട്രി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ജാവ തിരിച്ചെത്തുന്നതോടെ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് 350 ബൈക്കുകളോട് ശക്തമായ മത്സരത്തിന് കളം ഒരുങ്ങും. പൂര്‍ണമായും പുതിയ എന്‍ജിന്‍ വികസിപ്പികാതെ മോജോ എന്‍ജിനെ കൂടെക്കൂട്ടുന്നത് ജാവയുടെ വില പരമാവധി കുറയ്ക്കാനും സഹായിക്കും. ഇതുവഴി 300 സിസി ശ്രേണിയില്‍ മികച്ച വിപണി സാധ്യത സ്വന്തമാക്കാനും മഹീന്ദ്രയ്ക്ക് സാധിക്കും. എന്‍ജിന്‍ മികച്ചതാണെങ്കിലും നിലവില്‍ മഹീന്ദ്ര മോജോ ബൈക്കുകള്‍ക്ക് വിപണിയില്‍ ശക്തമായ സ്വാധീനം തീര്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജാവയുടെ വരവോട് ഈ വിടവ് നികത്താന്‍ മഹീന്ദ്രയ്ക്ക് സാധിക്കും. 

Content Highlights; Mahindra Jawa Bikes To Use Mojo’s 300cc Engine And Platform