മേരിക്കന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിച്ച ജെന്‍സി ശ്രേണിയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ മഹീന്ദ്ര ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ പുണെയില്‍ ജെന്‍സിയുടെ പരീക്ഷണ ഓട്ടം നടന്നതായി പുതിയ റിപ്പോര്‍ട്ട്. ജെന്‍സി പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ജെന്‍സി 2.0 എഫ് ഇലക്ട്രിക് സ്‌കൂട്ടറാണ് ചില ഓട്ടോ വെബ്‌സൈറ്റുകാരുടെ കണ്ണുകളില്‍ പതിഞ്ഞത്. 2014-ലാണ് അമേരിക്കയില്‍ ജെന്‍സിയുടെ പിറവി, മിഷിഗണിലെ മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററിലാണ് ഇതിന്റെ ഗവേഷണവും നിര്‍മാണവും പൂര്‍ത്തീകരിച്ചത്. 

GenZe
Photo Courtesy; Autocar Professional

നിലവില്‍ ജെന്‍സി ബ്രാന്‍ഡിന് കീഴില്‍ 2.0 എഫിന് പുറമേ e101  സ്പോര്‍ട്ട് ഇലക്ട്രിക്കും അമേരിക്കയില്‍ വിറ്റഴിക്കുന്നുണ്ട്. ജെന്‍സിയുടെ ഇന്ത്യ ലോഞ്ച് സംബന്ധിച്ച കാര്യങ്ങളില്‍ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അലൂമിനിയം ഷാസിയില്‍ നിര്‍മിച്ച ജെന്‍സി 2.0 എഫിന് 105 കിലോഗ്രാമാണ് ആകെ ഭാരം. സിംഗില്‍ സീറ്റ് വാഹനമാണിത്. ഫോണുമായി കണക്ട് ചെയ്യാവുന്ന 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്നില്‍ 125 കിലോഗ്രാം ഭാരം വഹിക്കാനാവുന്ന സ്റ്റേറേജ് സ്പേസ്, ഒറ്റചാര്‍ജില്‍ 48 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള ശേഷി, ജെന്‍സി ആപ്പ് എന്നിവയാണ് ജെന്‍സിയുടെ സവിശേഷതകള്‍. മുന്നില്‍ ട്വിന്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍ ചുമതല വഹിക്കുക. 

Genze

1.6 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മൂന്നര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മണിക്കൂറില്‍ 48 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. വെറും 10 സെക്കന്‍ഡിനുള്ളില്‍ ഈ വേഗം കൈവരിക്കാനും വാഹനത്തിന് സാധിക്കും. അവശേഷിക്കുന്ന ബാറ്ററി ചാര്‍ജില്‍ എത്ര കിലോമീറ്റര്‍ ഓടുമെന്ന് ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തില്‍ തെളിയും. കാലാവസ്ഥ വിവരങ്ങള്‍, സേഫ്റ്റി അലര്‍ട്ട്‌സ് എന്നിവയും സ്‌കൂട്ടര്‍ കൃത്യമായി അറിയിക്കും. അമേരിക്കയിലെ വില കണക്കാക്കിയാല്‍ ജെന്‍സി 2.0-യ്ക്ക് ഏകദേശം രണ്ടു ലക്ഷത്തിനടുത്ത് വില വരും. എന്നാല്‍ ഇങ്ങോട്ടെത്തുമ്പോള്‍ പ്രാദേശിക ഘടകങ്ങള്‍ പരമാവധി ഉപയോഗിച്ച് വില കുറയ്ക്കാന്‍ കമ്പനി ശ്രമിച്ചേക്കും. 

Photo Courtesy; Autocar Professional 

Content Highlights; Mahindra GenZe e-scooter spotted in India