മേരിക്കന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിച്ച മഹീന്ദ്രയുടെ ജെന്‍സി ശ്രേണിയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ മഹീന്ദ്ര ആലോചിക്കുന്നു. അധികം വൈകാതെ തന്നെ ജെന്‍സി മഹീന്ദ്രയുടെ മാതൃരാജ്യമായ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. 2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് മഹീന്ദ്രയ്ക്ക് കൂടുതല്‍ ഊര്‍ജമേകാന്‍ ജെന്‍സിയും എത്തുന്നത്. അതേസമയം ജെന്‍സി ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ മഹീന്ദ്ര നല്‍കിയിട്ടില്ല. 

നിലവില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്ന ഒരെയൊരു കമ്പനി മഹീന്ദ്രയാണ്. ഈ മുന്‍തൂക്കം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും നിലനിര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. വിപണി ശ്രൃംഖല വര്‍ധിപ്പിക്കുന്നതിനായി ജെന്‍സിയില്‍ മികച്ച അടിത്തറ സ്ഥാപിക്കാന്‍ ഇന്ത്യക്ക് പുറമേ മറ്റുരാജ്യങ്ങളും മഹീന്ദ്ര പരിഗണിക്കുന്നുണ്ട്.  2014-ലാണ് അമേരിക്കയില്‍ ജെന്‍സിയുടെ പിറവി, മിഷിഗണിലെ മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് ഇതിന്റെ ഗവേഷണവും നിര്‍മാണവും പൂര്‍ത്തീകരിച്ചത്. 

നിലവില്‍ ജെന്‍സി ബ്രാന്‍ഡിന് കീഴില്‍ e101  സ്‌പോര്‍ട്ട് ഇലക്ട്രിക്, ജെന്‍സി 2.0 ഇലക്ട്രിക് എന്നിവയാണ് അമേരിക്കയില്‍ വിറ്റഴിക്കുന്നത്. ഇതില്‍ ജെന്‍സി 2.0-യുടെ വില രണ്ടു ലക്ഷത്തിനടുത്ത് വരും. എന്നാല്‍ ഇങ്ങോട്ടെത്തുമ്പോള്‍ പ്രാദേശിക ഘടകങ്ങള്‍ പരമാവധി ഉപയോഗിച്ച് വില കുറയ്ക്കാന്‍ കമ്പനി ശ്രമിക്കും. സിംഗില്‍ സീറ്റ് വാഹനമാണിത്. ഫോണുമായി കണക്ട് ചെയ്യാവുന്ന 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്നില്‍ 125 കിലോഗ്രാം ഭാരം വഹിക്കാനാവുന്ന സ്റ്റേറേജ് സ്‌പേസ്, ഒറ്റചാര്‍ജില്‍ 48.3 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള ശേഷി എന്നിവയാണ് ജെന്‍സിയുടെ സവിശേഷതകള്‍. 

നേരത്തെ ഗസ്റ്റോ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജെന്‍സി എത്തുന്നതിന് മുന്‍മ്പ് ഈ മോഡല്‍ കമ്പനി അവതരിപ്പിച്ചേക്കും. നിലവില്‍ ഹീറോ ഇലക്ട്രിക്, ആതര്‍ എനര്‍ജി, വരാനിരിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സൈക്കില്‍സ് എന്നിവരാണ് ഇവിടെ മഹീന്ദ്രയുടെ എതിരാളികള്‍. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി ബജാജ്, ടിവിഎസ് തുടങ്ങിയ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹന നയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഇനി അങ്ങോട്ട് ഇലക്ട്രിക് ബൈക്ക്/സ്‌കൂട്ടറുകളുടെ കുത്തൊഴുക്കായിരിക്കും ഇന്ത്യയില്‍.