ന്ത്യയിലെ ഇരുചക്ര വാഹനപ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു പേരാണ് എല്‍.എം.എല്‍. അല്ലെങ്കില്‍ ലോഹിയ മെഷിന്‍സ് ലിമിറ്റഡ്. 1972 മുതല്‍ സ്‌കൂട്ടറുകളും ബൈക്കുകളുമായി ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഈ കമ്പനി 2017-ല്‍ നിരത്തുകളോട് വിട പറയുകയായിരുന്നു. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി എല്‍.എം.എല്‍. മടങ്ങിയെത്താന്‍ ഒരുങ്ങുന്നതായി സൂചന.

എല്‍.എം.എല്‍. പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങിയെത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുള്ളത്. മറ്റൊരു കമ്പനിയുടെ നിക്ഷേപക പിന്തുണയോടെയാണ് ഈ രണ്ടാം വരവെന്നും എല്‍.എം.എല്‍. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി രണ്ടാം വരവിന് ഒരുങ്ങുന്ന എല്‍.എം.എല്ലിന് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും കമ്പനി പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരവ് സാധ്യമാകുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്. മികച്ച സാങ്കേതികവിദ്യയിലും വലിയ കരുത്തുമുള്ള വാഹനം നിരത്തുകള്‍ക്ക് സമ്മാനിക്കുന്നതിനും വാഹന മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്നതിനുമുള്ള പരീക്ഷണങ്ങളാണ് കമ്പനിയെന്ന് എല്‍.എം.എല്‍. ഇലക്ട്രിക് മേധാവി ഡോ. യോഗേഷ് ഭാട്ടിയ അറിയിച്ചു. നഗരപ്രദേശങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രീമിയം ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തിക്കുകയെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1972-ല്‍ ആരംഭിച്ച ഇന്ത്യന്‍ കമ്പനിയാണ് എല്‍.എം.എല്‍. ഇതിനുപിന്നാലെ 1983-ല്‍ ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ പിയാജിയോ വെസ്പയുമായി സഹകരിച്ച് 100 സി.സി. സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ബജാജിന്റെ ചേതക് എന്ന സ്‌കൂട്ടറായിരുന്നു ഈ വാഹനത്തിന്റെ പ്രധാന എതിരാളി. 1999-ല്‍ പിയാജിയോയുമായുള്ള സഹകരണം എല്‍.എം.എല്‍. അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിപണിയില്‍ എത്തിക്കുകയുമായിരുന്നു.

Source: Car and Bike

Content Highlights: LML To Make A Comeback As An Electric Two-Wheeler