ഡംബര ഇരുചക്ര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെത്തിച്ചിട്ടുള്ള ബിഎംഡബ്ല്യു ജി 310ആര്‍, ജി 310ജി.എസ് ബൈക്കുകളുടെ മുഖം മുനുക്കിയ പതിപ്പ് ഒക്ടോബര്‍ എട്ടിന് അവതരിപ്പിക്കും. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരിക്കും ഈ ബൈക്കുകളുടെ അവതരണം നടക്കുക. 

ഹെഡ്‌ലൈറ്റില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡിസൈന്‍ മാറ്റത്തിനൊപ്പം ഇന്ത്യയിലെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലുമായിരിക്കും ബി.എം.ഡബ്ല്യു. ജി 310ആര്‍, ജി 310ജി.എസ് ബൈക്കുകളുടെ മുഖം മിനുക്കിയ മോഡലുകള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 

പുതിയ ഭാവത്തിലുള്ള ജി 310ആര്‍, ജി 310ജിഎസ് ബൈക്കുകളുടെ ടീസറുകള്‍ ബിഎംഡബ്ല്യു പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് മുന്നില്‍ ഗോള്‍ഡന്‍ ഫിനീഷ് സസ്പെന്‍ഷന്‍, ഓറഞ്ച് നിറത്തിലുള്ള ഫ്രെയിം, ഹൊറിസോണ്ടല്‍ റിയര്‍ ഫെന്‍ഡര്‍, പുതിയ ഹെഡ്ലാമ്പ്, പുതുക്കിയ എക്സ്ഹോസ്റ്റ് പൈപ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഡിആര്‍എല്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്.

ബിഎസ്-6 നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും ജി 310ആര്‍, ജി 310ജിഎസ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. 34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കുമാണ് മുന്‍ മോഡല്‍ ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറുമുകളിലും കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ഈ ബൈക്കുകള്‍ക്കുള്ള ബുക്കിംങ്ങ് തുറന്നതായാണ് സൂചന. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടിവിഎസുമായി സഹകരിച്ച് പ്രാദേശികമായി നിര്‍മിച്ചാണ് ബിഎംഡബ്ല്യു  ജി 310ആര്‍, ജി 310ജിഎസ് മോഡലുകളെത്തുന്നത്. ചെന്നൈയിലെ പ്ലാന്റിലാണ് ഈ ബൈക്കുകള്‍ ഒരുങ്ങുന്നത്.

Content Highlights: Launch of the new BMW G 310 R and BMW G 310 GS 8 October 2020