രുകാലത്ത് നിരത്തുകളിലെ താരരാജാവായിരുന്ന ലാംബ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ 1950 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ ലംബ്രെട്ട സ്‌കൂട്ടറുകള്‍ ഇവിടെ അസംബ്ലിള്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ലാംബ്രെട്ട ഇന്ത്യ വിട്ടു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐക്കണിക് സ്‌കൂട്ടര്‍ ലാംബ്രെട്ട തിരിച്ചുവരുകയാണ്. ഇതിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ മൂന്ന് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു. 

തായിലാന്‍ഡില്‍ നിര്‍മിച്ച സ്‌കൂട്ടറുകള്‍ അടുത്ത വര്‍ഷത്തോടെ കമ്പനി യൂറോപ്യന്‍ വിപണിയിലെത്തിക്കും. അതിന് ശേഷം 2019-ല്‍ ഇന്ത്യയിലേക്കും തിരിച്ചെത്തും. വരവറിയിച്ച് V 50 സ്‌പെഷ്യല്‍, V 125 സ്‌പെഷ്യല്‍, V 200 സ്‌പെഷ്യല്‍ എന്നീ മോഡലുകളാണ് മിലാനില്‍ ലാംബ്രെട്ട പ്രദര്‍ശിപ്പിച്ചത്. V 50-യാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ചെറുത്. 49.5 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7500 ആര്‍പിഎമ്മില്‍ 3.5 ബിഎച്ച്പി പവറും 3.4 എന്‍എം ടോര്‍ക്കുമേകും. V 125-ന് 124.7 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 10.1 ബിഎച്ച്പി പവറും 7000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്കുമേകും. പ്രീമിയം പതിപ്പായ V 200-ല്‍ 168.9 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 12.1 ബിഎച്ച്പി പവറും 12.5 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 

നൂതന സാങ്കേതിക വിദ്യകളുണ്ടെങ്കിലും പഴയ മുഖം ഓര്‍മ്മപ്പെടുത്തിയാണ് V സീരീസിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മുന്നില്‍. ടേണ്‍ ഇന്‍ഡികേറ്ററും ബോഡിയില്‍ തന്നെ. എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നല്‍കി. മൊബൈല്‍ ചാര്‍ജിങിനായി 12V ചാര്‍ജിങ് സോക്കറ്റും ഉള്‍ക്കൊള്ളിച്ചു. വിലയും ഫീച്ചേഴ്‌സും സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി പിന്നീട് വ്യക്തമാക്കും. പ്രീമിയം സെഗ്‌മെന്റില്‍ ഇന്ത്യയില്‍ വെസ്പയാണ് ലാംബ്രെട്ടയെ കാത്തിരിക്കുന്ന മുഖ്യ എതിരാളി.