ബൈക്ക് അഭ്യാസികള്‍ക്കൊന്നും ഇപ്പോള്‍ അത്ര നല്ലകാലമല്ല. സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ കാട്ടികൂട്ടുന്ന എല്ലാ അഭ്യാസങ്ങളും തിരിച്ചടിക്കുന്നതാണ് അടുത്തകാലത്തായി കാണുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് ഗുജറാത്തിലെ ബ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായി പ്രിന്‍സി പ്രസാദ്. 

തന്റെ ആഡംബര ബൈക്കില്‍ നടത്തിയ അഭ്യാസമാണ് ഈ യുവതിയെ കുരുക്കില്‍ ചാടിച്ചിരിക്കുന്നത്. പൊതുനിരത്തില്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ കൈവിട്ട് ബൈക്ക് ഓടിച്ചാണ് യുവതി തന്റെ പ്രാവിണ്യം തെളിയിച്ചത്. ഇത് നാട്ടുകാരെ കാണിക്കുന്നതിനായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍, വീഡിയോ വൈറലായതോടെയാണ് പ്രിന്‍സി പുലിവാല് പിടിക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, പൊതുനിരത്തില്‍ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്തു, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ തുടങ്ങി ഒരുകൂട്ടം വകുപ്പുകള്‍ ചേര്‍ത്ത് സൂരത്ത് പോലീസ് യുവതിക്കെതിരേ കേസെടുക്കുകയായിരുന്നു.

രാത്രിയിലും പകലുമായി ചിത്രീകരിച്ച പല വീഡിയോകള്‍ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോയിലും ആഡംബര ബൈക്കുകളിലാണ് യുവതിയുടെ അഭ്യാസ പ്രകടനങ്ങള്‍. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള യുവതി ഈ വീജിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlights: Lady Blogger Caught For Bike Stunting In Public Road