കെടിഎം നിരയിലെ ഏറ്റവും ചെറിയ എന്‍ജിനില്‍ 125 ഡ്യൂക്ക് പുറത്തിറക്കിയതിന് പിന്നാലെ ഇതിന്റെ ഫുള്ളി ഫെയേര്‍ഡ് ആര്‍സി 125 മോഡലും വിപണിയിലെത്തുന്നു. വരവറിയിച്ച് ആര്‍സി 125 മോഡലിന്റെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടു. രാജ്യത്തുടനീളമുള്ള കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴി 5000 രൂപ സ്വീകരിച്ച് വാഹനത്തിനുളള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആര്‍സി 125 പുറത്തിറങ്ങുമെന്നാണ് സൂചന. 

ടീസര്‍ പ്രകാരം പുതിയ -ബ്ലാക്ക് ഓറഞ്ച് ബോഡി ഗ്രാഫിക്‌സിലാണ് ആര്‍സി 125 വരുന്നത്. കെടിഎം നിരയിലെ വലിയ ആര്‍സി മോഡലുകളിലെ അതേ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടാണ് ബേബി ആര്‍സി 125 എത്തുന്നത്. ഡ്യുവല്‍ പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്‌ലാമ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍ എന്നിവയോടെയാകും ബേബി ആര്‍സിയും പുറത്തിറങ്ങുക. ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വിപണിയില്‍ യമഹ R15 V3.0 മോഡലായിരിക്കും കുഞ്ഞന്‍ ആര്‍സിയുടെ മുഖ്യ എതിരാളി. 

125 ഡ്യൂക്കിലെ അതേ എന്‍ജിനാണ് ആര്‍സിക്കും കരുത്തേകുക. 14.3 ബിഎച്ച്പി പവറും 12 എന്‍എം ടോര്‍ക്കുമേകുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 300 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിലുണ്ടാകും. 

Content HIghlights; KTM RC 125, RC 125