മാസങ്ങള്‍ക്ക് മുമ്പാണ് ചെറിയ കരുത്തിലെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ എന്ന ഖ്യാതിയുമായി കെഡിഎം ഡ്യൂക്ക് 125 നിരത്തുകളില്‍ എത്തിയത്. ഇതിന് പിന്നാലെ തന്നെ ഡ്യൂക്കിന്റെ കൂടപ്പിറപ്പായ ആര്‍സിയുടെയും 125 പതിപ്പ് എത്തിക്കുകയാണ് കെടിഎം.

ആദ്യ തലമുറ ആര്‍സി 390-യില്‍ നിന്ന് കടമെടുത്ത രൂപമാണ് ഈ ബൈക്കിലും നല്‍കിയിട്ടുള്ളത്. എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിനെ ഉള്‍പ്പടെ മറയ്ക്കുന്ന മാസ്‌ക്കുകളും ഷാര്‍പ്പ് വൈസറുകളും എല്‍ഇഡി ഹെഡ്‌ലാമ്പുമാണ് ഈ ബൈക്കിലുമുള്ളത്. 

ടൂ പീസ് സീറ്റാണ് ഈ മോഡലിലും നല്‍കിയിട്ടുള്ളത്. റൈഡ് സുഖപ്രദമാക്കുന്നതിന് മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ആര്‍സി 125-ല്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ മുമ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ബൈക്ക് ജൂണില്‍ നിരത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

ഡ്യൂക്ക് 125-ല്‍ നല്‍കിയിട്ടുള്ള 124.7 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിനും കരുത്തേകുന്നത്. ഇത് 14.5 പിഎസ് പവറും 12 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ആയിരിക്കും ഗിയര്‍ബോക്‌സ്.

ഡ്യൂക്ക് 125-നെക്കാള്‍ 15,000 രൂപ അധികമായിരിക്കും ആര്‍സി 125-ന്റെ വില. 1.40 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഈ ബൈക്ക് യമഹ ആര്‍15-നോടായിരിക്കും ഏറ്റുമുട്ടുന്നത്.

Content Highlights: KTM RC 125 India Launch In June