ഡ്യുക്ക് എന്ന ഒരൊറ്റ ബൈക്കിലൂടെ ഇന്ത്യയിലെ യുവാക്കളുടെ മനസില്‍ കുറിച്ചിട്ട പേരാണ് കെടിഎം. ബൈക്കിന്റെ നിര വലുതായതോടെ ഇലക്ട്രിക് വാഹനങ്ങളിലും പരീക്ഷണം നടത്താനൊരുങ്ങുകയാണ് കെടിഎം എന്നാണ് റിപ്പോര്‍ട്ട്. 2022-ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം.

ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്.

ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കുക. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്‌പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം.

എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ബജാജിന്റെ മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. 

അതേസമയം, കെടിഎമ്മിന്റെ ഇന്ത്യയിലെ പങ്കാളിയായ ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അര്‍ബനൈറ്റ് എന്ന ബ്രാന്റില്‍ എത്തുന്നുണ്ട്. അര്‍ബനൈറ്റിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്.

Content Highlights: KTM & Bajaj Working On a Electric Scooter