ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎമ്മിന്റെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കായ ഡ്യുക്ക് 250-യുടെ ബിഎസ്-6 എന്ജിന് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബിഎസ്-4 എന്ജിന് മോഡലിനെക്കാള്‍ 4000 രൂപയോളം വില ഉയര്‍ത്തി 2.09 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ ഡല്‍ഹിയിലെ എക്സ്ഷോറും വില.
പുതിയ എന്‍ജിനൊപ്പം കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് ഈ സാഹസിക ബൈക്ക് എത്തിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പ്, ഡ്യൂക്ക് 390-യില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ഈ ബൈക്കിന് പുതിയ ലുക്ക് നല്‍കുന്നുണ്ട്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി സൂപ്പര്‍മോട്ടോ മോഡിലുള്ള ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കുന്നുണ്ട്.
മുമ്പുണ്ടായിരുന്ന നിറങ്ങള്‍ക്ക് പുറമെ, സില്‍വര്‍ മെറ്റാലിക്, ഡാര്‍ക്ക് ഗാല്‍വനോ എന്നീ നിറങ്ങളിലും ഇത്തവണ ഡ്യുക്ക് 250 എത്തുന്നുണ്ട്. ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 248.8 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ഈ ബൈക്കിലുള്ളത് ഇത് 30 പിഎസ് പവറും 24 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.
ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനത്തില്‍ മുന്നിലെ ബ്രേക്കില്‍ മാത്രം എബിഎസ് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് സൂപ്പര്‍മോട്ടോ മോഡ്. പിന്നിലെ ബ്രേക്കിലെ എബിഎസ് ഒഴിവാക്കുന്നത് മികച്ച പ്രകടനം ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വണ്‍ ടച്ചില്‍ ഇത് ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ് കെടിഎം ഡ്യുക്ക് 250-യുടെ നിര്‍മാണം. എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയ്ക്കൊപ്പം ചെറിയ വിന്‍ഡ് സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവയാണ് ഈ അഡ്വഞ്ചര്‍ ബൈക്കിനെ വ്യത്യസ്തമാക്കുന്നത്.
Content Highlights: KTM 250 Duke Launched With BS6 Engine And SuperMotto Mode