ലോകത്തിലെ തന്നെ മുന്‍നിര സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ കെ.ടി.എം. നടത്തുന്ന അന്താരാഷ്ട്ര ബൈക്ക് റൈഡിങ്ങ് മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഒരു മലയാളി താരം. ആലുവയില്‍ താമസക്കുന്ന ഇടുക്കി സ്വദേശിയായ കെ.ഡി. സോളമനാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പ്രവേശിച്ചിരുന്നത്.

അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡര്‍ എന്ന പേരിലാണ് ഈ മത്സരം സംഘടിപ്പിച്ചിരുന്നത്. ഉത്തരേന്ത്യക്കാരനായ ബെര്‍ണാഡാണ് സോളമന് പുറമെ ഇന്ത്യയില്‍ നിന്ന് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്താകമാനമുള്ള 1500 റൈഡര്‍മാര്‍ പങ്കെടുത്ത മത്സരത്തില്‍ പത്ത് പേരെയാണ് സംഘാടകര്‍ വിജയികളായി തിരഞ്ഞെടുത്തത്. ഇതിലെ മലയാളി സാന്നിധ്യമാണ് സോളമന്‍. 

ഡിജിറ്റലായാണ് കെ.ടി.എം. മത്സരം സംഘടിപ്പിച്ചത്. ഒടുവില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും യുട്യൂബ് ചാനലിലൂടെയുമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഈ വിജയത്തിലൂടെ കെ.ടി.എമ്മിന്റെ മാതൃരാജ്യമായ ഓസ്ട്രിയയിലെ ഹെഡ്ക്വാട്ടേഴ്‌സും പ്ലാന്റും സന്ദര്‍ശിക്കാനുള്ള അവസരമാണ് സോളമന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം കെ.ടി.എമ്മിന്റെ റൈഡിങ്ങ് ഗിയര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കും.

കെ.ടി.എം. 200 മോഡലാണ് സോളമന്റെ കൈവശമുള്ള ബൈക്ക്. ഈ ബൈക്കില്‍ വിവിധ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകളാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. സോളോ വ്‌ലോഗ്‌സ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാം പേജിലും തന്റെ യാത്രകള്‍ സോളമന്‍ പങ്കുവയ്ക്കാറുണ്ട്. ആലുവയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് റൈഡര്‍ കൂടിയായ സോളമന്‍.

Content Highlights: Kerala Rider Won Ultimate Duke Rider International Competition