മ്മുടെ നിരത്തുകള്‍ സുരക്ഷിതമാക്കുന്നതിനും ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബൈക്കുകളുടെ അമിതവേഗത്തിന് കടിഞ്ഞാണിടണമെന്നും രണ്ടുപേരിലധികം യാത്രയാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണ് പ്രധാനനിര്‍ദേശം.

ബൈക്ക് ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളെയും കൊണ്ട് ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പോലീസിന് കഴിയില്ല. അത് ധരിക്കുന്നതിന്റെ ആവശ്യകത ജനങ്ങള്‍ തിരിച്ചറിഞ്ഞ് ചെയ്യേണ്ടതാണെന്നുമുള്ള നിര്‍ദേശങ്ങളാണ് പോസ്റ്റില്‍ പ്രധാനമായും പറയുന്നത്. 

ബൈക്കുകളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരേയും പോലീസിന്റെ മുന്നറിയിപ്പുണ്ട്. കമ്പനി നിര്‍മിക്കുന്നതില്‍ നിന്ന് രൂപമാറ്റം വരുത്തുന്നത് വാഹനത്തിന്റെ സ്റ്റൈബിലിറ്റിയെ ബാധിക്കുമെന്നും അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യാന്‍ പാടില്ല. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൗമാരക്കാരില്‍ ചിലര്‍ മൂന്നുപേര്‍ ബൈക്കിലിരുന്ന് യാത്ര ചെയ്യുന്നത് കാണാം. പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാന്‍ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.

കേരളത്തിന്റെ റോഡുകളില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണ്. അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു എന്നുള്ളത് ഏവര്‍ക്കും അറിയാമെന്നുള്ള സത്യമാണ്.

ഇരുചക്ര വാഹനങ്ങള്‍ അപകടപ്പെടുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങാണ്. റോഡിന് ഇടതുവശം ചേര്‍ന്നുള്ള ട്രാക് വേഗത കുറഞ്ഞ വാഹനങ്ങള്‍ക്കും. വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ വേണ്ടിയുള്ളതാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്.

ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ വാങ്ങുന്ന യുവാക്കള്‍ വാഹനത്തില്‍ കമ്പനിയുടെ രൂപകല്‍പ്പനയില്‍ അവരുടേതായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയുള്ള ഹാന്‍ഡ് ഗ്രിപ്, സാരിഗാര്‍ഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് ഗ്രിപ് ഘടിപ്പിച്ചിട്ടുള്ളത്. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ പിടിക്കാതെ സീറ്റിന് സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്പില്‍ മുറുകെ പിടിച്ചിരുന്നാല്‍ അപകടം ഒഴിവാക്കാം.

വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെവരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക. സൈഡ് മിറര്‍-ഡ്രൈവറുടെ പിന്നിലെ കണ്ണ് പോലെ പ്രവര്‍ത്തിക്കുന്നു.

വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. അതിന് ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ പരിശ്രമം കൂടിയേ കഴിയൂ..

നമ്മുടെ റോഡുകള്‍ നമുക്കൊരുമിച്ച് സുരക്ഷിതമാക്കാം.

Content Highlights: Kerala Police Facebook Post For Road Safety