രവ്‌നീത് ഫൊക്കേല
വൈദ്യുത വാഹനങ്ങള്‍ക്ക് കേരളം മികച്ച വിപണിയായി മാറുമെന്ന് ഏഥര്‍ എനര്‍ജിയുടെ ചീഫ് ബിസിനസ് ഓഫീസര്‍ രവ്‌നീത് ഫൊക്കേല പറഞ്ഞു. 20-25 ശതമാനം വളര്‍ച്ചയാണ് മാസംതോറും കേരളത്തില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടാവുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് കേരളം.
കേരളത്തില്‍ വില്‍പ്പന ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയാണ് കമ്പനി ഒരുക്കുന്നത്. കൊച്ചിയില്‍ തുടങ്ങി പിന്നീട് കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. അതിപ്പോള്‍ സംസ്ഥാനം മൊത്തം വളര്‍ന്ന് പതിനൊന്നെണ്ണമായി. 14,000 സ്‌കൂട്ടറുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു.
വൈദ്യുതവാഹന രംഗം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍?
വൈദ്യുത വാഹനങ്ങള്‍ക്ക് ക്രമാതീതമായുണ്ടാവുന്ന ഡിമാന്‍ഡില്‍ നിരവധി കമ്പനികളാണ് വളരെ വേഗം ഈ രംഗത്തേക്ക് കടന്നുവരുന്നത്. നിലവാരമില്ലാതെയിറങ്ങുന്ന ചില വാഹനങ്ങളുടെ തകരാര്‍ കാരണം പലപ്പോഴും ഉപഭോക്താക്കള്‍ ഇതില്‍നിന്ന് അകലാന്‍ കാരണമാവുന്നുണ്ട്. അത് സാങ്കേതിക മികവോടെ നിരവധി ഗവേഷണങ്ങള്‍ക്കു ശേഷം തയ്യാറാക്കുന്ന വാഹന കമ്പനികള്‍ക്ക് തിരിച്ചടിയാവും. മറ്റൊന്ന് വിതരണ ശൃംഖലയുടെ അഭാവമാണ്. ആവശ്യത്തിനനുസരിച്ച് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇത് തടസ്സമാവുന്നുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ ഉപയോഗം, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എന്നിവ വൈദ്യുതവാഹന രംഗത്ത് വ്യാപകമാവുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും.
പെട്ടെന്ന് ചാര്‍ജാകുന്ന പുതിയ ബാറ്ററികളുടെ നിര്‍മാണത്തിന് പദ്ധതിയുണ്ടോ?
വലിയ ബാറ്ററികളാണെങ്കില്‍ കൂടുതല്‍ ചാര്‍ജ് നല്‍കും. എന്നാല്‍, വിലയിലുള്ള വര്‍ധന ഒഴിവാക്കാനാവില്ല. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കും. ഏഥര്‍ ഏറ്റവും മികച്ച യാത്രാസുഖമാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ ഏഥര്‍ സ്‌കൂട്ടര്‍ നല്‍കുന്നത് 146 കിലോമീറ്റര്‍ റേഞ്ചാണ്. ദിവസം 30 കിലോമീറ്റര്‍ ഓടുന്ന ഒരാള്‍ക്ക് ധാരാളമാണിത്. ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള സൗകര്യവും വര്‍ധിപ്പിക്കുകയാണ്. രാജ്യത്ത് 1,200-ലധികമുള്ള ചാര്‍ജിങ് നെറ്റ്്വര്‍ക്കായ 'ഏഥര്‍ ഗ്രിഡ്' കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. കേരളത്തില്‍ 130-ലധികം ഏഥര്‍ ഗ്രിഡുകളുണ്ട്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 55 കിലോമീറ്ററിനുള്ളില്‍ ഒരു ഗ്രിഡെങ്കിലുമുണ്ടാവും. 14 ജില്ലകളില്‍ 11 ഇടത്തും ഗ്രിഡുണ്ട്.
ഇ.വി. രംഗത്ത് പുതിയ കമ്പനികള്‍ കടന്നുവരുന്നു, ഏഥറിന്റെ പദ്ധതിയെന്താണ്?
ഒരു വിപണിയിലും ഒറ്റ ഉത്പന്നത്തിന് മാത്രമായി നിലനില്‍ക്കാനാവില്ല. പുതിയ കമ്പനികള്‍ കടന്നുവരുന്നത് വിപണിയെ ഉത്തേജിപ്പിക്കും. ഉപഭോക്താവിന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ ഇതിലൂടെ കഴിയും. ഏഥറിന്റെ കാര്യത്തില്‍ ഞങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ ഇടയില്‍ ജനപ്രീതി സൃഷ്ടിച്ചിട്ടുണ്ട്. 2017-ല്‍ ഏഥര്‍450 പുറത്തിറക്കി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി പുതിയ മോഡലുകളുമായി എത്തുകയാണ്.
Content Highlights: Kerala electric vehicle segment growth is 25 percent per month, Ather electric scooter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..