നീം-ജീം ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ പൊതുമേഖല സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുതിയ ചുവടുവയ്പ്പ് നടത്തുന്നു. യാത്ര ചിലവ് കുറയ്ക്കുന്നതും പരിസ്ഥിതി സൗഹാര്‍ദവുമായ ഇലക്ട്രിക് സ്‌കൂട്ടറാണ് കെ.എ.എല്‍ നിര്‍മിക്കാനൊരുങ്ങുന്നതെന്ന് കേരള വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് കെ.എ.എല്ലിന്റെ പുതിയ പദ്ധതി. കേരളത്തില്‍ നിര്‍മിച്ച നീം-ജീം ഇലക്ട്രിക് ഓട്ടോയിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ ചുവടുവയ്പ്പ്. കെ.എ.എല്‍. നിര്‍മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷ നേപ്പാളിലേക്കും കയറ്റുമതി ചെയ്തിരുന്നു. 

ചുരുങ്ങിയ ചിലവില്‍ യാത്ര ഒരുക്കുകയെന്നാണ് കെ.എ.എല്‍. നിര്‍മിക്കുന്ന സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 50 പൈസ മാത്രമായിരിക്കും ഈ സ്‌കൂട്ടറിന് ചിവല് വരിക. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് മോഡലുകളായിരിക്കും ആദ്യം നിര്‍മിക്കുക. 46,000 രൂപ മുതല്‍ 58,000 രൂപ വരെയായിരിക്കും ഇ-സ്‌കൂട്ടറിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. 

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ മിനി വ്യവസായ പാര്‍ക്കിലാണ് കെ.എ.എല്‍. ഇ-സ്‌കൂട്ടര്‍ നിര്‍മാണം ആരംഭിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതുവഴി 71 പേര്‍ക്ക് നേരിട്ടും 50 പേര്‍ക്കും അല്ലാതെയും തൊഴിലും ഉറപ്പാക്കുന്നുണ്ട്. പ്രകൃതി സൗഹാര്‍ദ സംസ്ഥാനം എന്ന കേരളത്തിലെ ലക്ഷ്യത്തിന് ഈ നീക്കം കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യത്ത് അടുത്തിടെയായി ഉണ്ടാകുന്ന കനത്ത ഇന്ധന വില വര്‍ധനവില്‍ നിന്ന് സാധാരണക്കാരന് രക്ഷനേടാന്‍ കഴിയുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. ഇതിനുപുറമെ, ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. ഇതേതുടര്‍ന്നാണ് കെ.എ.എല്‍. ഇ-ഓട്ടോ, ഇ-സ്‌കൂട്ടര്‍ എന്നിവ ഒരുക്കുന്നത്. 

Content Highlights: Kerala Automobiles Limited Developing Electric Scooter