സൂപ്പര്‍ ബൈക്കുകളിലെ അതികായരായ കവാസാക്കിയുടെ നിഞ്ച ZX-10R-ന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. മുന്‍ മോഡലില്‍ നിന്ന് കൂളിങ്ങ് പെര്‍ഫോമെന്‍സ് വര്‍ധിപ്പിച്ചും ലുക്കിലും എയറോഡൈനാമിക്‌സിലും നേരിയ മാറ്റങ്ങള്‍ വരുത്തിയെത്തിയ പുതിയ മോഡലിന് 14.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. മുന്‍ മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം അധികമാണ് പുതിയതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. 

കവാസാക്കിയുടെ ZX-10RR മോഡലിന് സമാനമായി പുതിയ എയര്‍ കൂള്‍ഡ് ഓയില്‍ കൂളര്‍ സംവിധാനത്തിലാണ് എന്‍ജിന്‍ ഒരുക്കിയിട്ടുള്ളത്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന 39 ടൂത്ത് റിയര്‍ സ്‌പ്രോക്കറ്റില്‍ നിന്ന് 41 ടൂത്ത് സ്‌പ്രോക്കറ്റിലേക്ക് ഉയര്‍ന്നതും 2021 നിഞ്ച ZX-10R മോഡലില്‍ കവാസാക്കി വരുത്തിയിട്ടുള്ള പുതുമകളില്‍ ഒന്നാണ്. ലൈം ഗ്രീന്‍, ഫ്‌ളാറ്റ് എബോണി ടൈപ്പ്2 എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് എത്തിയിട്ടുള്ളത്. 

ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതിയ രൂപകല്‍പ്പനയിലുള്ള എയറോഡൈനാമിക അപ്പര്‍ കൗള്‍, അകര്‍ഷകമായ ടെയ്ല്‍ കൗള്‍ ഡിസൈന്‍, രുപമാറ്റം വരുത്തിയ ഹാന്‍ഡില്‍ ബാര്‍, സ്ഥാനം മാറിയ ഫുട്ട്‌പെഗ്, അപ്പര്‍ കൗളിന് താഴെയായി സ്ഥാനം പിടിച്ച ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവ ZX-10RR-ന് സമാനമായി ഒരുങ്ങിയിട്ടുള്ളവയാണ്. 

ബ്ലൂടൂത്ത് കണക്ടിവിറ്റിയും റൈഡോളജി ആപ്ലിക്കേഷനിലൂടെ സ്മാര്‍ട്ട് ഫോണ്‍ കണക്ടഡ് ചെയ്യാന്‍ സാധിക്കുന്നതുമായ 4.3 ഇഞ്ച് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഈ വാഹനത്തിന്റെ സാങ്കേതിക മികവിന്റെ ഉദ്ദാഹരണമാണ്. റോഡ്, റെയില്‍, സ്‌പോര്‍ട്ട്, റൈഡര്‍ എന്നീ റൈഡിങ്ങ് മോഡുകള്‍ക്കൊപ്പം ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും ഈ ബൈക്കിന്റെ മേന്മയാണ്. 

ZX-10R-ന്റെ മുന്‍ തലമുറ മോഡലിന് കരുത്തേകിയിരുന്ന 998 സി.സി. ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പുതിയതിലും പ്രവര്‍ത്തിക്കുന്നത്. ഇത് 200 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ലോഞ്ച് കണ്‍ട്രോള്‍, കോര്‍ണറിങ്ങ് മാനേജ്‌മെന്റ് സിസ്റ്റം, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

Content Highlights: Kawasaki Ninja ZX-10R 2021 Model Launched In India