പെട്രോളിലും വൈദ്യുതിയിലും ഓടുന്ന ഹൈബ്രിഡ് സ്‌കൂട്ടര്‍ രൂപകല്പന ചെയ്ത് താഴെചൊവ്വ ആറ്റടപ്പയിലെ കെ.സുജേഷ്. വീടിന്റെ പരിസരത്ത് വിജയകരമായി ഓടിച്ച സ്‌കൂട്ടറിന് സാങ്കേതികാനുമതി, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അധികൃതരെ സമീപിക്കാനിരിക്കുകയാണ് സുജേഷ്. 70 കിലോമീറ്റര്‍ ഓടാന്‍ എട്ടുരൂപയുടെ വൈദ്യുതി മതിയെന്ന് സുജേഷ് പറയുന്നു. 

പെട്രോളാണെങ്കില്‍ ഇത്രയും ദൂരത്തിന് ഒരു ലിറ്ററിലേറെ വേണം. വൈദ്യുതിയിലോ പെട്രോളിലോ മാത്രം ഓടുന്ന സ്‌കൂട്ടറുകളാണ് നിലവില്‍ വിപണിയിലുള്ളത്. ഈ സ്‌കൂട്ടറിന്റെ വേഗം വൈദ്യുതിയില്‍ 40 കിലോമീറ്ററും പെട്രോളില്‍ 80-100 കിലോമീറ്ററും ലഭിക്കും. ടി.വി.എസിന്റെ പെട്രോള്‍ സ്‌കൂട്ടിയില്‍ ഒരുവര്‍ഷം നീണ്ട പരീക്ഷണത്തിലാണ് സുജേഷ് ഇത് വികസിപ്പിച്ചെടുത്തത്. പെട്രോള്‍കൊണ്ടും വൈദ്യുതികൊണ്ടും ഓടിക്കാന്‍ വെവ്വേറെ താക്കോലുണ്ട്. 

വൈദ്യുതിസംവിധാനത്തിലാണെങ്കില്‍ പുതുതായി ഘടിപ്പിച്ച ലിതിയം അയേണ്‍ ബാറ്ററികൊണ്ടാണ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററി മുഴുവന്‍ ചാര്‍ജ് ആവാന്‍ അഞ്ചുമണിക്കൂര്‍ എടുക്കും. വൈദ്യുതികൊണ്ട് ഓടുമ്പോള്‍ തീരെ ശബ്ദമുണ്ടാവില്ല. വായുമലിനീകരണവും കുറയും. ഇന്ധനവില ദിവസേന കൂടുന്നതു കണ്ടാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്തിനോക്കിയതെന്ന് സുജേഷ് പറഞ്ഞു. പക്ഷേ, പണി പൂര്‍ത്തിയായി കൂട്ടുകാര്‍ വണ്ടി ഓടിച്ചുനോക്കിയപ്പോഴാണ് പരീക്ഷണം വിജയിച്ചതായി വ്യക്തമായത്. ഇതിനായി സുജേഷ് സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടി വിലയ്ക്കുവാങ്ങുകയായിരുന്നു.

നേരത്തേ നാട്ടില്‍ ടെലികോംവകുപ്പില്‍ താത്കാലികമായി കേബിള്‍ ബന്ധിപ്പിക്കുന്ന ജോലിയായിരുന്നു. പിന്നീട് ദുബായിലേക്ക് പോയി. നാലുവര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തി താഴെ ചൊവ്വ-കാപ്പാട് റോഡില്‍ അച്ഛന്‍ സുരവരന്‍ നടത്തുന്ന ഗൃഹോപകരണങ്ങള്‍ നന്നാക്കുന്ന സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണ് നാല്‍പ്പത്തിരണ്ടുകാരനായ സുജേഷ്. അമ്മ: വസന്ത. ഭാര്യ: കുഞ്ഞിമംഗലം സ്വദേശിനി ധന്യ ലാബ് ടെക്‌നീഷ്യനാണ്. മകന്‍: അന്‍വിത്.

Content Highlights: Kannur Native Sujesh Develop Hybrid Scooter, Scooter Run Both Petrol and Electric Power