ലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിര്‍മാണ കേന്ദ്രം കൂടി ആകുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കുകള്‍ വരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റി എന്ന കമ്പനിയാണ് കെ.എം.3000, കെ.എം.4000 എന്നീ രണ്ട് ഹൈ സ്പീഡ് ഇലക്ട്രിക്ക് ബൈക്കുകള്‍ എത്തിക്കുന്നത്. കബീറ കെ.എം.3000 മോഡലിന് 1.26 ലക്ഷം രൂപയും കെ.എം.4000 മോഡലിന് 1.36 ലക്ഷം രൂപയുമാണ് വില.

കബീറ കെ.എം.3000 മോഡലാണ് ഈ നിരയിലെ അടിസ്ഥാന പതിപ്പ്. നാല് കിലോ വാട്ട് ബാറ്ററി പാക്കും ആറ് കിലോ വാട്ട് ബ്രഷ്‌ലെസ് ഡി.സി. ഇലക്ട്രിക്ക് മോട്ടോറുമാണ് (ബി.എല്‍.ഡി.സി) ഈ വാഹനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ മോഡുകളാണ് ഇതിലുള്ളത്. ഇക്കോ മോഡില്‍ 120 കിലോ മീറ്റര്‍ റേഞ്ചാണ് ഈ വാഹനം ഒരുക്കുന്നത്. അതേസമയം, സ്‌പോര്‍ട്‌സ് മോഡല്‍ 100 കിലോ മീറ്റര്‍ വേഗതയ്‌ക്കൊപ്പം 60 കിലോ മീറ്റര്‍ റേഞ്ചും ഉറപ്പുനല്‍കുന്നുണ്ട്. 

കബീറ കെ.എം.4000 ആണ് ഉയര്‍ന്ന വകഭേദം. 4.4 കിലോ വാട്ട് ബാറ്ററിയും എട്ട് കിലോ വാട്ട് മോട്ടോറുമാണ് ഈ ബൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കോ മോഡില്‍ 150 കിലോ മീറ്റര്‍ റേഞ്ചാണ് കെ.എം.4000 നല്‍കുന്നത്. സ്‌പോര്‍ട്‌സ് മോഡില്‍ 120 കിലോ മീറ്റര്‍ വേഗതയ്‌ക്കൊപ്പം 90 കിലോ മീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. കെ.എം.3000-ന് 3.3 സെക്കന്റിലും കെ.എം.4000 3.1 സെക്കന്റിലും 40 കിലോ മീറ്റര്‍ വേഗത കൈവിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

കെ.എം.3000-ന് 2100 എം.എം. നീളവും 760 എം.എം. വീതിയും 1200 എം.എം. ഉയരവുമാണുള്ളത്. 1430 എം.എം. വീല്‍ബേസും 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും 830 എം.എം. സീറ്റ് ഹൈറ്റുമാണ് ഈ ബൈക്കിനുള്ളത്. 138 കിലോയാണ് കെ.എം.3000-ന്റെ ആകെ ഭാരം. അതേസമയം, 2050 എം.എം. നീളവും 740 എം.എം. വീതിയും 1280 എം.എം. ഉയരവുമാണ് കെ.എം.4000-ന്റെ അളവുകള്‍. 1280 എം.എം.വീല്‍ബേസും 200 എം.എം. വീല്‍ബേസും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 147 കിലോയാണ് ഭാരം. 

ഡിസ്‌ക് ബ്രേക്കാണ് ഇരു മോഡലുകളിലും സുരക്ഷയൊരുക്കുന്നത്. പിന്നില്‍ സിംഗിള്‍ ഡിസ്‌ക്കിനൊപ്പം കോംബി ബ്രേക്കിങ്ങ് സംവിധാനമാണ് നല്‍കിയിട്ടുണ്ട്. കെ.എം.3000-ന് മുന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയപ്പോള്‍ കെ.എം. 4000 മുന്നില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്. റെഗുലര്‍ ചാര്‍ജര്‍ ഉപയോഗിച്ച് 6.30 മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Content Highlights: Kabira Mobility Launches Two High Speed Electric Bikes In India