സ്‌പോര്‍ട്‌സ് ബൈക്കുകളെ വെല്ലുന്ന ലുക്കില്‍ കഴിഞ്ഞ ദിവസമാണ് കബീറയുടെ ഇലക്ട്രിക് ബൈക്കുകളായ കെ.എം.3000, കെ.എം.4000 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച പെര്‍ഫോമെന്‍സും കാര്യക്ഷമമായ റേഞ്ചും ഉറപ്പ് നല്‍കി എത്തിയ ഈ ബൈക്കിന്റെ ആദ്യ ബാച്ച് അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചതായി കബീറ അറിയിച്ചു. ഇരു ബൈക്കുകളുടേതുമായി 5000 യൂണിറ്റാണ് ആദ്യ ബാച്ചില്‍ എത്തിയിരുന്നത്. 

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് കബീറ മൊബിലിറ്റി. മുമ്പ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള ഈ വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസമാണ് ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ചത്. കെ.എം.3000, കെ.എം.4000 എന്നീ പേരുകളില്‍ എത്തിയ ഈ ബൈക്കുകള്‍ക്ക് യഥാക്രമം 1.26 ലക്ഷം രൂപയും 1.36 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

കെ.എം.3000 മോഡലാണ് ഈ നിരയിലെ അടിസ്ഥാന പതിപ്പ്. നാല് കിലോ വാട്ട് ബാറ്ററി പാക്കും ആറ് കിലോ വാട്ട് ബ്രഷ്ലെസ് ഡി.സി. ഇലക്ട്രിക്ക് മോട്ടോറുമാണ് (ബി.എല്‍.ഡി.സി) ഈ വാഹനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കോ, സ്പോര്‍ട്സ് എന്നീ മോഡുകളാണ് ഇതിലുള്ളത്. ഇക്കോ മോഡില്‍ 120 കിലോ മീറ്റര്‍ റേഞ്ചാണ് ഈ വാഹനം ഒരുക്കുന്നത്. അതേസമയം, സ്പോര്‍ട്സ് മോഡല്‍ 100 കിലോ മീറ്റര്‍ വേഗതയ്ക്കൊപ്പം 60 കിലോ മീറ്റര്‍ റേഞ്ചും ഉറപ്പുനല്‍കുന്നുണ്ട്. 

കബീറ കെ.എം.4000 ആണ് ഉയര്‍ന്ന വകഭേദം. 4.4 കിലോ വാട്ട് ബാറ്ററിയും എട്ട് കിലോ വാട്ട് മോട്ടോറുമാണ് ഈ ബൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കോ മോഡില്‍ 150 കിലോ മീറ്റര്‍ റേഞ്ചാണ് കെ.എം.4000 നല്‍കുന്നത്. സ്പോര്‍ട്സ് മോഡില്‍ 120 കിലോ മീറ്റര്‍ വേഗതയ്ക്കൊപ്പം 90 കിലോ മീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. കെ.എം.3000-ന് 3.3 സെക്കന്റിലും കെ.എം.4000 3.1 സെക്കന്റിലും 40 കിലോ മീറ്റര്‍ വേഗത കൈവിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

കെ.എം.3000-ന് 2100 എം.എം. നീളവും 760 എം.എം. വീതിയും 1200 എം.എം. ഉയരവുമാണുള്ളത്. 1430 എം.എം. വീല്‍ബേസും 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും 830 എം.എം. സീറ്റ് ഹൈറ്റുമാണ് ഈ ബൈക്കിനുള്ളത്. 138 കിലോയാണ് കെ.എം.3000-ന്റെ ആകെ ഭാരം. അതേസമയം, 2050 എം.എം. നീളവും 740 എം.എം. വീതിയും 1280 എം.എം. ഉയരവുമാണ് കെ.എം.4000-ന്റെ അളവുകള്‍. 1280 എം.എം.വീല്‍ബേസും 200 എം.എം. വീല്‍ബേസും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 147 കിലോയാണ് ഭാരം.

Source: India Car News

Content Highlights; Kabira Electric Bike First Batch Sold Out In Four Days