ടുത്ത രണ്ട് - മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തിലെ സ്ഥിരം സാന്നിധ്യമാക്കാന്‍ ഒരുങ്ങുകയാണ് ജാവ ബൈക്കുകള്‍. നിലവില്‍ ജാവ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് മുതല്‍ കമ്പനി ബൈക്കുകള്‍ കൈമാറും. തുടക്കത്തില്‍ തന്നെ കമ്പനി പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ജാവയ്ക്ക് വാഹന പ്രേമികള്‍ നല്‍കിയത്. ആദ്യമെത്തുന്ന ജാവ, ജാവ 42 മോഡലുകളുടെ ബുക്കിങ് വലിയതോതില്‍ ഉയര്‍ന്നതോടെ ഡിസംബര്‍ 24 മുതല്‍ ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ഈ സെപ്തംബര്‍ വരെ പുറത്തിറക്കാനുള്ള ബുക്കിങ് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് ജാവ വ്യക്തമാക്കുന്നത്. 

രാജ്യത്ത് ആദ്യ വര്‍ഷത്തില്‍ മാസംതേറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ നിരത്തിലിത്തെത്തും. അതേസമയം മുഖ്യ എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയെക്കാള്‍ പത്ത് മടങ്ങ് കുറവാണിത്. ഏകദേശം 75000 യൂണിറ്റ് വാഹനങ്ങള്‍ മാസംതോറും എന്‍ഫീല്‍ഡ് വിറ്റഴിക്കുന്നുണ്ട്. രാജ്യത്തുടനീളം സര്‍വ്വീസ്, ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിച്ച് രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ വില്‍പന കൈവരിക്കാനും ജാവ മോട്ടോര്‍സൈക്കിള്‍സിന് സാധിക്കും. 

നിലവില്‍ ഡല്‍ഹി, ബെംഗളൂരു, പുണെ എന്നിവിടങ്ങളിലായി ആകെ 10 ഡീലര്‍ഷിപ്പാണ് ജാവയ്ക്കുള്ളത്. മാര്‍ച്ച് അവസാനത്തോടെ 95 ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനംകൂടി ആരംഭിക്കും. ഇതില്‍ ഏഴെണ്ണം കേരളത്തിലാണ്.

മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ആദ്യം വിപണിയിലെത്തുന്ന ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സിംഗിള്‍ ചാനല്‍ എബിഎസാണ് ജാവ, ജാവ 42 മോഡലുകള്‍ക്ക് സുരക്ഷ നല്‍കുക. അതേസമയം ഡ്യുവല്‍ ചാനല്‍ എബിഎസില്‍ ജാവ ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തുകയും ചെയ്യും. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി. 

Content Highlights; Jawa sales target at 7,500 units a month for the first year