ജാവയുടെ കസ്റ്റം മെയ്ഡ് ബൈക്കായ പരേക് ബോബര്‍ ബുക്ക് ചെയ്ത് കാത്തരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജാവ പരേക് ജൂലൈ 20 മുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പരേകിന്റെ ബുക്കിങ്ങ് മുമ്പുതന്നെ തുറന്നിരുന്നു.
ഏപ്രില്‍ മാസത്തോടെ പരേക് ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണിനെയും തുടര്‍ന്ന് ഇത് വീണ്ടും നീളുകയായിരുന്നു. 1,94,000 രൂപ എക്‌സ്‌ഷോറൂം വിലയുള്ള പരേക് 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിച്ചിരുന്നത്.
2018 നവംബറില്‍ ജാവയുടെ രണ്ടാം വരവില്‍ പരേകും പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ നവംബറിലാണ് ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്. റെഗുലര്‍ ജാവ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരേകാണ് ജാവ ബൈക്ക് നിരയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പ്.
സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ക്ലാസിക് ബോബര്‍ സ്‌റ്റൈല്‍ മോഡലാണ് പരേക്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, മാറ്റ് ബ്ലാക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവയാണ് മറ്റ് ജാവ ബൈക്കുകളില്‍ നിന്ന് പരേക് ബോബറിനെ വ്യത്യസ്തമാക്കുന്നത്.
മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 750 എംഎം ആണ് സീറ്റ് ഹൈറ്റ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 280 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 എംഎം ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പരേകിലുള്ളത്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ളതാണ് ഈ എന്‍ജിന്‍.
Content Highlights: Jawa Perak Bobber Deliveries Starts From July 20
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..