22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കളികള്‍ കാണാനും പഠിപ്പിക്കാനും സാക്ഷാല്‍ ജാവ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിച്ചിരിക്കുകയാണ്. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ജാവ മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയിലെത്തിയത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ വാഹനപ്രേമികളുടെ മനസില്‍ സ്ഥാനം പിടിക്കാനും ജാവയ്ക്ക് സാധിച്ചിട്ടുണ്ട്. 

Jawa

പഴയ ഐതിഹാസിക രൂപം പിന്തുടര്‍ന്നതും 1.55 ലക്ഷം രൂപ എന്ന പ്രാരംഭ വിലയും ഇന്ത്യയില്‍ ജാവയുടെ കൊടിപാറിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കാലങ്ങളായി ഇന്ത്യന്‍ വിപണിയില്‍ തക്കതായ എതിരാളികളില്ലാതെ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും. ജാവ, ജാവ 42 മോഡലുകളാണ് ജാവ കുടുംബത്തില്‍നിന്ന് ആദ്യമെത്തുന്നത്. ജാവ പരേക്കിന്റെ ലോഞ്ചിങ് പിന്നീടായിരിക്കും. അടുത്ത മാസം മുതല്‍ വിപണനം ആരംഭിക്കുന്ന ജാവ, ജാവ 42 എന്നീ മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

 • ഒറ്റനോട്ടത്തില്‍ ഒരു ക്ലാസിക് രാജാവാണ് ജാവ. എന്‍ജിന്‍ മുതല്‍ ടയറില്‍ വരെ ക്ലാസിക് ടച്ച് പ്രകടം. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ വിലസി നടന്ന പഴയ ജാവ ബൈക്കുകളുടെ രൂപത്തോട് ഏറെ സാമ്യമുള്ള ഡിസൈനാണ് പുത്തന്‍ ജാവയും പിന്തുടര്‍ന്നത്. 
 • രൂപത്തില്‍ ചെറിയ വ്യത്യാസം മാത്രമാണ് ആദ്യമെത്തുന്ന ജാവയും ജാവ 42 മോഡലും തമ്മിലുള്ളത്. എന്‍ജിനടക്കം ബാക്കിയുള്ള അഴകളവുകളിലെല്ലാം ഇരുവരും തുല്യരാണ്. 

Jawa

 • രണ്ടിലും 293 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ബിഎസ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍.
 • ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ജാവയുടെ സ്‌പോര്‍ട്ടി രൂപവും വര്‍ധിപ്പിക്കും. 

Jawa

 • റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ക്ക് മികച്ച എതിരാളിയാകുന്ന ജാവയ്ക്ക് 1.64 ലക്ഷം രൂപവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ജാവയുടെ രൂപവും 300 സിസി എന്‍ജിനും കണക്കിലെടുക്കുമ്പോള്‍ ഈയൊരു വില അത്ര കൂടുതലല്ലെന്നാണ് വിലയിരുത്തല്‍. 
 • ഡബിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.

Jawa

 • മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് സ്‌പോര്‍ട്ടി വീല്‍. 
 • മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസും പിന്നില്‍ 153 എംഎം ഡ്രം ബ്രേക്കുമാണ് വാഹനത്തിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുക. 
 • സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് കാനിസ്റ്റര്‍ - ട്വിന്‍ ഷോക്ക് ഹൈഡ്രോളിക്കുമാണ് സസ്‌പെന്‍ഷന്‍. 
 • 170 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ആകെ ഭാരം. സീറ്റ് ഹൈറ്റ് 765 എംഎം. വീല്‍ബേസ് 1369 എംഎം. ടാങ്ക് കപ്പാസിറ്റി 14 ലിറ്ററും. 
 • ജാവ മെറൂണ്‍, ഗ്രേ, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ജാവ 42 ഗലാക്റ്റിക് ഗ്രീന്‍, ഹാലീസ് ടീല്‍, ലുമോസ് ലൈം, സ്റ്റാര്‍ലൈറ്റ് ബ്ലൂ, കോമെറ്റ് റെഡ്, നെബുല ബ്ലൂ എന്നീ ആറ് നിറങ്ങളിലും ലഭ്യമാകും. 
 • കമ്പനിയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ജാവ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 105 ഡീലര്‍ഷിപ്പ് വഴിയാണ് വില്‍പനയ്‌ക്കെത്തുക. കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ആരംഭിക്കുകയും ചെയ്യും.

Jawa

Content Highlights; Jawa Motorcycles New jawa, jawa 42 Features Specs