കാത്തിരിപ്പിനൊടുവില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ മഹീന്ദ്രയ്ക്ക് കീഴില്‍ നവംബര്‍ 15-ന് ഇന്ത്യയില്‍ തിരിച്ചെത്തുകയാണ്. ഇതിനോടകം പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം ജാവ നിരയിലെ ആദ്യ മോഡല്‍ ഒരു ക്ലാസിക് റോഡ്‌സ്റ്റര്‍ മോഡലാണ്. വരാനിരിക്കുന്ന മോഡലുകളെക്കുറിച്ച് സൂചന നല്‍കാന്‍ പുതിയ ടീസറും സോഷ്യല്‍ മീഡിയ വഴി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കഫേ റേസര്‍, ഓഫ് റോഡര്‍, ബോബര്‍, ക്ലാസിക് എന്നീ നാല് വേരിയന്റുകളിലാണ് ടീസര്‍. ഇതിലെ ഒരു മോഡല്‍ പുറത്തുവന്ന സ്‌പൈ ചിത്രത്തിന് സമാനമാണ്. ബാക്കി മൂന്ന് ഡിസൈനുകള്‍ അടിസ്ഥാനപ്പെടുത്തിയാകും തുടര്‍ന്നുള്ള ജാവ ബൈക്കുകള്‍ വിപണിയിലെത്തുകയെന്നാണ്‌ സൂചന. 

Jawa

ഐതിഹാസിക ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തുന്ന ജാവയുടെ എന്‍ജിന്‍ വിവരങ്ങള്‍ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പുതിയ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

നേരത്തെ പരീക്ഷണ ഓട്ടം നടത്തിയ ക്ലാസിക് ജാവയ്ക്ക് പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് ചെറിയ രൂപസാദൃശ്യമുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍, വീതിയേറിയ സീറ്റ് എന്നിവ ആദ്യ ജാവയിലുണ്ടാകുമെന്നാണ് സ്പൈ ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. നിലവില്‍ തക്കതായ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ജാവയ്ക്ക് 1.5-2 ലക്ഷത്തിനുള്ളിലായിരിക്കും വില. 

Jawa

Jawa

Content Highlights: Jawa Motorcycle Teased In 4 Variants