ഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകളുടെ വിതരണം ആരംഭിച്ചു. രാജ്യത്തെ ആദ്യ ജാവ ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ ജാവ മോട്ടോര്‍സൈക്കിള്‍സ് ഉപഭോക്താവിന് കൈമാറി. ആദ്യ ഘട്ടത്തിലെ ബുക്കിങ് ക്രമത്തിനനുസരിച്ച് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ബൈക്കുകളെല്ലാം കൈമാറും. 

ആദ്യ 100 യൂണിറ്റ് ജാവ ബൈക്കുകള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതലായിരുന്ന ജാവയുടെ ബുക്കിങ് ആരംഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബുക്കിങ് ക്രമാതീധമായി ഉയര്‍ന്നതോടെ താത്കാലികമായി ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ബൈക്കുകളുടെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് ജാവ മോട്ടോര്‍സൈക്കിള്‍സ് നേരത്തെ അറിയിച്ചിരുന്നത്. 

ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവ നിരയില്‍ നിന്ന് ആദ്യം നിരത്തിലെത്തിയത്. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പഴയ ഐതിഹാസിക ജാവയെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തിലാണ് പുതിയ ജാവയുടെ തിരിച്ചുവരവ്. റൗണ്ട് ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫ്യുവല്‍ ടാങ്ക് തുടങ്ങി പല ഘടകങ്ങളും പഴയ ജാവ ബൈക്കുകളിലേതിന് സമാനമാണ്. 

ആദ്യമെത്തിയ രണ്ട് ബൈക്കിലും 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 153 എംഎം ഡ്രം ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും ജാവയ്ക്കുണ്ട്.

തുടക്കത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഭുരിഭാഗവും നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്കുള്ളത്. ആദ്യ വര്‍ഷം മാസംതേറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. 

Content Highlights; Jawa motorcycle deliveries commence in india