1971-ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി ജാവ. പാകിസ്താനുമേല്‍ ഇന്ത്യ നേടിയ വിജയത്തിന്റെ 50-ാം വര്‍ഷം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക നിറങ്ങളില്‍ രണ്ട് ജാവ ബൈക്കുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

കാക്കി, മിഡ്‌നൈറ്റ് ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് ജാവയുടെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകള്‍ എത്തിയിട്ടുള്ളത്. 1.93 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറും വില. ഫോര്‍ട്ടി ടൂ മോഡലിനെക്കാള്‍ 15,000 രൂപയും റെഗുലര്‍ ജാവയെക്കാള്‍ 6000 രൂപയും അധിക വിലയിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ എത്തിച്ചിരിക്കുന്നത്. ഈ ബൈക്കിന്റെ ഓണ്‍ലൈന്‍ ബൂക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

ഡിസൈനില്‍ പല പുതുമകളും വരുത്തിയാണ് ഈ പതിപ്പ് എത്തിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഹെഡ്‌ലാമ്പ് ബെസല്‍, സസ്‌പെന്‍ഷന്‍ ഫോര്‍ക്ക്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പ്രധാന പുതുമ. ഇതിനുപുറമെ, ആര്‍മി എംബ്ലത്തിനൊപ്പം ത്രിവര്‍ണത്തില്‍ മൂന്ന് ലൈനുകലും പെട്രോള്‍ ടാങ്കില്‍ നല്‍കിയിട്ടുണ്ട്്. 1971-2021 സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജിങ്ങും ടാങ്കില്‍ ആലേഖനം ചെയ്തിരിക്കുന്നു. 

Jawa Motorcycle

മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്ക് അവതരിപ്പിച്ചിട്ടുള്ളത്. 26.9 ബി.എച്ച്.പി. പവറും 27.2 എന്‍.എം. ടോര്‍ക്കുമേകുന്ന 293 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസാണ് സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിന് സുരക്ഷയൊരുക്കുന്നത്. 

Content Highlights: Jawa Launches Special Edition Bikes To Commemorate The 1971 War Victory