ഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകളുടെ വിതരണം ദിവസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. ജാവയില്‍നിന്ന് ആദ്യം നിരത്തിലെത്തുന്ന ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളുടെ എന്‍ജിന്‍, ഫീച്ചേഴ്‌സ് അടക്കമുള്ള വിവരങ്ങളെല്ലാം നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാവ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ജാവയുടെ മൈലേജ് എത്രയാണെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. ഒടുവിലിപ്പോള്‍ ട്വിറ്ററിലൂടെ ഒരു ചോദ്യത്തിന് മറുപടിയായി മൈലേജ് വിവരം പുറത്തുവിട്ടിരിക്കുകയാണ് ജാവ. ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്കുപ്രകാരം 37.5 കിലോമീറ്റര്‍  മൈലേജാണ് ജാവ, ജാവ 42 മോഡലുകളില്‍ ലഭിക്കുക.

പഴയ ഐതിഹാസിക ജാവയെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തിലാണ് പുതിയ ജാവയുടെ തിരിച്ചുവരവ്. റൗണ്ട് ഹെഡ്ലാമ്പ്, ഇന്റഗ്രേറ്റഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫ്യുവല്‍ ടാങ്ക് തുടങ്ങി പല ഘടകങ്ങളും പഴയ ജാവ ബൈക്കുകളിലേതിന് സമാനമാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് എതിരാളിയായി എത്തുന്ന ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 153 എംഎം ഡ്രം ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും ജാവയ്ക്കുണ്ട്.

തുടക്കത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഭൂരിഭാഗവും നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്കുള്ളത്. ആദ്യ വര്‍ഷം മാസംതോറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. ബുക്കിങ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ നിലവില്‍ ജാവയുടെ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വര്‍ഷം സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ബുക്കിങ് ഇതിനോടകം ജാവ, ജാവ 42 മോഡലുകള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ ജാവ മോട്ടോര്‍സൈക്കിള്‍സ് വ്യക്തമാക്കിയിരുന്നു. 

Content Highlights; Jawa, Jawa Forty Two official fuel-efficiency revealed