രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ജാവ ബൈക്കുകള്‍ ഒരു വയസിന്റെ നിറവിലാണ്. മടങ്ങിയെത്തി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ ജാവ, ജാവ 42 ബൈക്കുകള്‍ കൂടുതല്‍ കരുത്തരാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 334 സിസി എന്‍ജിനുകളായിരിക്കും ഈ ബൈക്കുകളില്‍ നല്‍കുക. ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ജാവ പരേക് എന്ന ബൈക്കില്‍ നല്‍കിയിട്ടുള്ള എന്‍ജിനാണിത്. 293 സിസി എന്‍ജിനാണ് നിലവില്‍ ഈ ബൈക്കുകളില്‍ പ്രവര്‍ത്തിക്കുന്നത്.
പുതുതായി എത്തുന്ന ബിഎസ്-6 നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 30.4 പിഎസ് പവറും 31 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ മൂന്ന് പിഎസ് പവറും മൂന്ന് എന്‍എം ടോര്‍ക്കും ഈ വാഹനം അധികം ഉത്പാദിപ്പിക്കുന്നുണ്ട്.
നിലവില്‍ ഈ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 293 സിസി എന്‍ജിനും ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. പുതിയ എന്‍ജിനിലുള്ള ജാവ ബൈക്കുകള്‍ 2020 പകുതിയോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസൈനില്‍ മാറ്റം വരുത്തുന്നില്ല.
കരുത്ത് കൂടിയ ജാവ, ജാവ 42 ബൈക്കുകള്‍ക്ക് ഏകദേശം 15,000 രൂപ മുതല്‍ 20,000 രൂപ വരെ വില ഉയരുമെന്നാണ് സൂചന. നിലവില്‍ ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42-ന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
Content Highlights: Jawa, Jawa 42 Bikes Get More Powerful Engine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..