ന്ത്യന്‍ വിപണിയിലേക്ക്‌ മടങ്ങിയെത്തുന്ന ജാവ ബൈക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ജാവയുടെ ലോഞ്ച് തിയതിയും കമ്പനി പ്രഖ്യാപിച്ചു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് ബ്രാന്‍ഡിന് കീഴില്‍ നവംബര്‍ 15-ന് പുതിയ ജാവ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. ഐതിഹാസിക വാഹനമായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്‌ ഏറ്റെടുത്തിരുന്നത്. 

Jawa

ഒരുകാലത്ത് ഇന്ത്യന്‍ നിരത്തിലെ ഹരമായിരുന്ന പഴയ ജാവയുടെ മുഖഛായ പകര്‍ത്തിയാകും പുത്തന്‍ ജാവയുടെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഫോര്‍ സ്ട്രോക്ക് എന്‍ജിനില്‍ ചെക്ക് റിപ്പബ്ലിക്കില്‍ ജാവ അവതരിപ്പിച്ച ജാവ 350 മോഡലും പഴയ ഐതിഹാസിക രൂപത്തെ ഓര്‍മപ്പെടുത്തിയിരുന്നു. ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. നിലവില്‍ തക്കതായ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും. 

293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ക്ലാസിക് രൂപഭംഗിക്കൊപ്പം പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് പുതിയ ജാവയുടെയും പ്രൗഢി വര്‍ധിപ്പിക്കും. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. 

Jawa

Content Highlights; Jawa India unveil date announced