ലോകത്താകമാനമുള്ള ജാവ, യെസ്ഡി പ്രേമികളുടെ ദിവസമാണ് ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച. കഴിഞ്ഞ 17 വര്‍ഷമായി ഇത് കൂട്ടായ്മയുടെ ആഘോഷമായിരുന്നെങ്കില്‍ ഇത്തവണ ആഘോഷങ്ങള്‍ ഓണ്‍ലൈനിലേക്ക് ഒതുങ്ങുകയായിരുന്നു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ 18-ാമത് ജാവ ദിനെ വെര്‍ച്വൽ ആയാണ് ആഘോഷിച്ചത്. 

ഓണ്‍ലൈനില്‍ ആഘോഷത്തിന്റെ പകിട്ട് വര്‍ധിച്ചെന്ന് പറയാതെ തരമില്ല. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഈ ജാവ ദിനത്തിന് ഇന്റര്‍നെറ്റില്‍ സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിനാളുകള്‍ ജാവ ദിനത്തെ കുറിച്ചുള്ള ആനുഭവങ്ങള്‍ പങ്കുവെച്ച് രണ്ട് മണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ ആഘോഷമാണ് ജാവ പ്രേമികള്‍ക്കായി ഒരുങ്ങിയത്. 

ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ക്ലബ്ബുകളാണ് വെര്‍ച്വലായുള്ള ജാവ ദിനാഘോഷത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യക്ക് പുറമെ, നെതര്‍ലാന്റ്‌സ്, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, യുഎസ്എ, വിയറ്റ്‌നാം, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ ജാവ പ്രേമികളും ഉടമസ്ഥരും ഈ സാങ്കല്‍പ്പിക ആഘോഷങ്ങളുടെ ഭാഗമായി. 

ജാവ പാരമ്പര്യത്തിന്റെ മഹത്വം അറിയിക്കുന്ന ലെജന്‍ഡ്ശാല എന്ന പരിപാടിയിലൂടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം. പ്രശസ്ത ഓട്ടോ ജേണലിസ്റ്റായ ആദില്‍ ജല്‍ ദാരുഖാനാവാലെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സോമേന്ദര്‍ സിങ്ങ്, സി.കെ ചിന്നപ്പ, ശ്യാം കോതാരി തുടങ്ങി ജാവ റേസിലെ ഇതിഹാസങ്ങളുടെ അനുഭവങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. 

18-ാമത് ജാവ ദിനത്തില്‍ പുതുതായി എത്തിയ ജാവയുടെ ഉടമകളും പങ്കാളികളായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ കൊച്ചിയിലും കണ്ണൂരിലും കേരളത്തിന്റെ പുറത്ത് ചണ്ഡീഗഢ്, ലുധിയാന, ജലന്ധര്‍, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയതും പഴയതുമായ ജാവ ബൈക്കുകള്‍ അണിനിരത്തി ജാവ റൈഡുകളും നടത്തിയിരുന്നു.

Content Highlights: Jawa Conducted 18th International Jawa Day In Online Platform