ഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ തിരിച്ചെത്തിയ ജാവ ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആദ്യ യൂണിറ്റ് ബൈക്കുകള്‍ കൈമാറുന്നതിന് തൊട്ടുമുമ്പായി സ്‌പെഷ്യല്‍ എഡിഷനായി ബൈക്കുകള്‍ ലേലത്തില്‍ വയ്ക്കുകയാണ് ജാവ മോട്ടോര്‍സൈക്കിള്‍സ്. ലേലത്തില്‍ ലഭിക്കുന്ന പണം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. നാളെ വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ്‌ ലേലം നടക്കുക. 

ഒന്ന് മുതല്‍ 100 വരെ ഷാസി നമ്പറിലുള്ള ബൈക്കുകള്‍ തിരഞ്ഞെടുക്കാന്‍ ലേലത്തില്‍ അവസരമുണ്ടാകും. ഇന്ധനടാങ്കില്‍ ദേശീയ പതാകയുടെ നിറങ്ങളും ഫ്യുവല്‍ ടാങ്ക് ക്യാപ്പില്‍ ഉപഭോക്താവിന്റെ പേരും ആലേഖനം ചെയ്യാനുള്ള സൗകര്യം ലേലത്തിലുള്ള സ്‌പെഷ്യല്‍ എഡിഷന്‍ ജാവ ബൈക്കുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ സര്‍വീസ് അടക്കമുള്ള വിവിധ ഓഫറുകളുള്ള 42 മാസത്തെ സര്‍വീസ് പാക്കേജും ബൈക്കുകള്‍ക്ക്‌ അധികമായി ലഭിക്കും. ഓണ്‍ലൈനായും ലേലത്തില്‍ പങ്കെടുക്കാം. രണ്ട് ലക്ഷം രൂപയാണ് മിനിമം ലേലത്തുക. ഓണ്‍ലൈനായി പങ്കെടുക്കാന്‍ ജാവ വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ജാവ ബൈക്കുകള്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയത്. നവംബര്‍ 15 മുതല്‍ ബുക്കിങ് ആരംഭിച്ചെങ്കിലും കൂടുതല്‍ ആവശ്യക്കാര്‍ ഇരച്ചെത്തിയതോടെ തുടര്‍ന്നുള്ള ബുക്കിങ് താല്‍കാലികമായി കമ്പനി നിര്‍ത്തിവെച്ചിരുന്നു. 2019 സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്‍ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവയില്‍ നിന്ന് ആദ്യമെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 

ആദ്യ ഘട്ടത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഭുരിഭാഗവും നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്കുള്ളത്. ആദ്യ വര്‍ഷം മാസംതേറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. 

Content Highlights;Jawa bikes auction for armed forces martyrs childrens education