വീരമൃത്യു വരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ജാവ മോട്ടോര്‍സൈക്കിള്‍സ് നടത്തിയ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുടെ ലേലത്തില്‍ ലഭിച്ചത് 1.43 കോടി രൂപ. ആകെ 13 ജാവ ബൈക്കുകളാണ് ലേലത്തില്‍ വിറ്റുപോയത്. കഴിഞ്ഞ ദിവസം മുംബൈയിലാണ് ലേലം നടന്നത്. ഓരോ മോഡലിനും രണ്ട് ലക്ഷം രൂപ മുതലായിരുന്നു ലേലത്തുക. ഉപഭോക്താക്കള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ജാവ ഒരുക്കിയിരുന്നു. ഉടന്‍ വിപണിലെത്താനിരിക്കുന്ന ജാവ ബൈക്കുകള്‍ക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് ഓണ്‍റോഡ് വില. 

ഒന്ന് മുതല്‍ 99 വരെയുള്ള ഷാസി നമ്പറിലുള്ള സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളാണ് ലേലത്തിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാം നമ്പര്‍ ഷാസി മോഡല്‍ 45 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. പതിനേഴാം നമ്പര്‍ ഷാസി മോഡല്‍ 17 ലക്ഷം രൂപയ്ക്കും അഞ്ചാം നമ്പര്‍ 11.75 ലക്ഷം രൂപയ്ക്കും വിറ്റഴിഞ്ഞു. 13 ബൈക്കിള്‍ ഏറ്റവും കുറവ് തുക ലഭിച്ചത് ഏഴാം നമ്പര്‍ ഷാസിക്കാണ്, അഞ്ച് ലക്ഷം രൂപ. 99-ാം നമ്പര്‍ (7.5 ലക്ഷം), 77-ാം നമ്പര്‍ (5.25 ലക്ഷം), 52-ാം നമ്പര്‍ (7.25 ലക്ഷം), 26-ാം നമ്പര്‍ (ആറ് ലക്ഷം), 24-ാം നമ്പര്‍ (10.5 ലക്ഷം), 18-ാം നമ്പര്‍ (ആറ് ലക്ഷം), 11-ാം നമ്പര്‍ (5.5 ലക്ഷം), 13-ാം നമ്പര്‍ (6.25 ലക്ഷം), മൂന്നാം നമ്പര്‍ (10.25 ലക്ഷം) എന്നിങ്ങനെയാണ് ഓരോ മോഡലുകള്‍ക്കും ലഭിച്ച ലേലത്തുക. 

JAWA

റഗുലര്‍ മോഡലില്‍ നിന്ന് അല്‍പം വ്യത്യസ്ത ഐഡന്റിറ്റി നല്‍കാന്‍ ഇന്ധനടാങ്കില്‍ ദേശീയ പതാകയുടെ നിറങ്ങളും ഫ്യുവല്‍ ടാങ്ക് ക്യാപ്പില്‍ ഉപഭോക്താവിന്റെ പേരും ആലേഖനം ചെയ്യാനുള്ള സൗകര്യം ലേലത്തിലുള്ള സ്പെഷ്യല്‍ എഡിഷന്‍ ബൈക്കുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. സൗജന്യ സര്‍വീസ് അടക്കമുള്ള വിവിധ ഓഫറുകളുള്ള 42 മാസത്തെ സര്‍വീസ് പാക്കേജും ബൈക്കുകള്‍ക്ക് അധികമായി ലഭിക്കും. 

മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവ നിരയില്‍ വില്‍പനയ്ക്കുള്ളത്. 105 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഭുരിഭാഗവും നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്കുള്ളത്. ആദ്യ വര്‍ഷം മാസംതേറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. 

Jawa

Content Highlights; Jawa Bikes auction fetches Rs 1.43 core for 13 bikes