സാക്ഷാല്‍ ജാവയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജാവ മോട്ടോര്‍സൈക്കിള്‍സ്‌ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് '90-ാം ആനിവേഴ്സറി എഡിഷന്‍'. ജാവയുടെ പ്രത്യേക പതിപ്പായതിനാല്‍ ആനിവേഴ്സറി എഡിഷന്റെ 90 യൂണിറ്റുകള്‍ മാത്രമാണ് ജാവ പുറത്തിറക്കുന്നത്. ഇതിന്റെ ഉടമകളായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 90 ഉപഭോക്താക്കളുടെ പേര് വിവരങ്ങള്‍ വെബ്സൈറ്റിലൂടെ ജാവ പുറത്തുവിട്ടിട്ടുണ്ട്. 

റഗുലര്‍ ജാവയ്ക്കുള്ളത് പോലെ ദീര്‍ഘമായ ബുക്കിങ് പീരീഡ് ആനിവേഴ്‌സറി എഡിഷനില്ല. 90 പേര്‍ക്കും ഉടന്‍ വാഹനം ലഭ്യമാകും. റഗുലര്‍ ജാവ ബുക്ക് ചെയ്ത ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് ആനിവേഴ്‌സറി പതിപ്പിനുള്ള 90 ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്. 1929ല്‍ ജാവ നിരയില്‍ പുറത്തിറങ്ങിയ ജാവ 500 ഒഎച്ച്‌വി ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആനിവേഴ്‌സറി എഡിഷന്റെ ഡിസൈന്‍. റെഡ്-ഐവറി ഇരട്ട നിറത്തിലുള്ള ഫ്യുവല്‍ ടാങ്ക്, 90-ാം ആനിവേഴ്‌സറി ബാഡ്ജ്, പ്രത്യേക സീരിയല്‍ നമ്പര്‍ എന്നിവ റഗുലര്‍ ജാവയില്‍ നിന്ന് ലിമിറ്റഡ് എഡിഷനെ വ്യത്യസ്തമാക്കും. 

ആനിവേഴ്സറി എഡിഷന്‍ ജാവയുടെ ലുക്കില്‍ മാത്രമാണ് മാറ്റങ്ങള്‍. എന്‍ജിനും മറ്റു ഫീച്ചറുകളും റഗുലര്‍ ജാവയിലേതാണ്. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന  293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 1.73 ലക്ഷം രൂപയാണ് ആനിവേഴ്‌സറി എഡിഷന്റെ എക്‌സ്‌ഷോറൂം വില. ലിമിറ്റഡ് എഡിഷന് പുറമേ ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ ജാവ നിരയിലുള്ളത്. വൈകാതെ പുതിയ പരേക് ബോബര്‍ മോഡലും ജാവ ഇന്ത്യയിലെത്തിക്കും. 

തിരഞ്ഞെടുത്ത 90 ഉപഭോക്താക്കളെ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights; wa 90th anniversary edition delivery started