22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജാവ മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ കളത്തിലിറങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പെ കമ്പനി പുറത്തുവിട്ട ടീസര്‍ സ്‌കെച്ചുകളില്‍ ഒരു റോഡ്‌സ്റ്റര്‍, ബോബര്‍, അഡ്വഞ്ചര്‍ ടൂറര്‍ മോഡലുകള്‍ നിരത്തിലെത്തുമെന്നായിരുന്നു സൂചന. കമ്പനി ആദ്യം അവതരിപ്പിച്ച ജാവ, ജാവ 42, പെരാക്ക് എന്നിവ ടീസര്‍ സ്‌കെച്ചില്‍ പറഞ്ഞ ആദ്യ രണ്ട് കാറ്റഗറിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ മൂന്നാമത്തെ ടീസറായ അഡ്വഞ്ചര്‍ ടൂററിലേക്ക് ഒരു മോഡലും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജാവയില്‍ നിന്നൊരു അഡ്വഞ്ചര്‍ ടൂററും വൈകാതെ പുറത്തിറങ്ങും. 

കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ ഒരു ഓട്ടോ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇപ്പോള്‍ അവതരിപ്പിച്ച മൂന്ന് മോഡലുകളിലാണ് നിലവില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറര്‍ മോഡല്‍ ഭാവിയില്‍ പ്രതീക്ഷാക്കാമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ബുക്കിങ് ആരംഭിച്ച ജാവ, ജാവ 42 മോഡലുകള്‍ കമ്പനി ഉടന്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. അതേസമയം പെരാക്കിനുള്ള ബുക്കിങ് തിയ്യതി പ്രഖ്യാപിച്ചിട്ടുമില്ല. ഈ മോഡല്‍ അടുത്ത വര്‍ഷത്തോടെ നിരത്തിലെത്താനാണ് സാധ്യത. അതിന് ശേഷം മാത്രമേ അഡ്വഞ്ചര്‍ ടൂറര്‍ പുറത്തിറക്കാനുള്ള ശ്രമം കമ്പനി ആരംഭിക്കുകയുള്ളു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് മികച്ച എതിരാളി ആയിട്ടാണ് അഡ്വഞ്ചര്‍ മോഡലെത്തുക. 

Content Highlights; Jawa adventure tourer Coming Soon, Will rival Enfield Himalayan