ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ് മാതൃരാജ്യത്ത് ഫോര്‍ സ്‌ട്രോക്ക് എഞ്ചിനില്‍ ജാവ 350 ഔദ്യോഗിമായി അവതരിപ്പിച്ചു. മലിനീകരണ മാനദണ്ഡത്തില്‍ യൂറോ 4 നിലവാരം പുലര്‍ത്തുന്ന എഞ്ചിനാണ് ഇതിന് കരുത്തേകുക. ചെക്ക് വിപണിക്കൊപ്പം അമേരിക്ക, റഷ്യ, യു.കെ തുടങ്ങി രാജ്യങ്ങളിലേക്ക് പുതിയ ജാവ 350 കയറ്റി അയക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ക്ക് ശക്തനായ എതിരാളിയാകും പുതിയ ജാവ 350. അടുത്തിടെ ജാവ മോട്ടോര്‍സൈക്കിള്‍സിനെ ഇന്ത്യന്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. 

Jawaടൂ സ്‌ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്ന ജാവ യൂറോ മാനദണ്ഡത്തില്‍ പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ശക്തമാക്കിയതോടെയാണ് ഗിയര്‍ മാറ്റിപ്പിടിച്ച്  ഫോര്‍ സ്‌ട്രോക്ക് എഞ്ചിനിലേക്ക് ചുവടുമാറ്റിയത്. ഒ.എച്ച്.സി 397 സി.സി എയര്‍കൂള്‍ഡ് എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 27.73 പിഎസ് കരുത്തും 5000 ആര്‍പിഎമ്മില്‍ 30.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത. എ.ബി.എസ് ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടുത്തുന്ന ആദ്യ ജാവ ബൈക്കാണ് ഇവന്‍. 

എബിഎസിനൊപ്പം മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 160 എംഎം ഡ്രം ബ്രേക്കുമാണ് വാഹനത്തിന് സുരക്ഷ ഒരുക്കുക. 160 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 33.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സിംഗില്‍ സിലിണ്ടര്‍ ബൈക്കിന് രണ്ട് എക്‌സ്‌ഹോസ്റ്റുണ്ട്. ചെക്ക് റിപ്പബ്ലിക്കില്‍ ഏകദേശം 99,930 ചെക്ക് കോറുനയാണ് (2.60 ലക്ഷം രൂപ) ഇവന്റെ വിപണി വില. 2020-നുള്ളില്‍ മഹീന്ദ്രയ്ക്ക് കീഴില്‍ ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ തിരിച്ചെത്താനാണ് സാധ്യത. 

Jawa Motorcycles