ഹീറോ ഹോണ്ട സ്പ്ലെന്‍ഡറിനോളം വരില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തില്‍ കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലായിരുന്നു ബജാജ് ബോക്‌സര്‍. എന്നാല്‍ പുതുനിര ബൈക്കുകളുടെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനുള്ള ത്രാണി നഷ്ടപ്പെട്ടതോടെ ബോക്സര്‍ ചിത്രത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. അതേസമയം രസകരമായ മറ്റൊരു കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച ഈ ബജാജ് ബോക്സറാണ് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഇരുചക്ര വാഹനം എന്നതാണ്. 

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.57 ലക്ഷം യൂണിറ്റ് 100 സിസി ബോക്സറുകളാണ് ബജാജ് ഇവിടെ നിന്നും കയറ്റി അയച്ചത്. ഒന്നാമനാണെങ്കിലും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 41 ഇടിവ് ബോക്സര്‍ നേരിട്ടു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 6.07 ലക്ഷം യൂണിറ്റ് ബോക്സറുകള്‍ ബജാജ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കയറ്റുമതി ലിസ്റ്റില്‍ ജനപ്രിയ മോഡല്‍ സ്‌പ്ലെന്‍ഡര്‍ 13-ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 2 ലക്ഷം യൂണിറ്റ് വിറ്റഴിച്ച സിടി 100 ആണ് ബോക്‌സറിന് തൊട്ടുപിന്നിലുള്ളത്. 1.5 ലക്ഷം യൂണിറ്റോടെ പള്‍സര്‍ നിര മൂന്നാമതും. 

ബോക്‌സറിന്റെ ചെറു അഡ്വേഞ്ചര്‍ പതിപ്പായ ന്യൂജെന്‍ ബോക്‌സര്‍ 150 നാലാം സ്ഥാനവും (1.40 ലക്ഷം) സ്വന്തമാക്കി. അഞ്ചാം സ്ഥാനത്തുള്ളത് സ്‌കൂട്ടര്‍ ശ്രേണിയിലെ ഹോണ്ട ഡിയോ (1.35 ലക്ഷം) ആണ്. എന്നാല്‍ ഇവിടെ മികച്ച വില്‍പ്പനയുള്ള ഹോണ്ട ആക്ടീവയ്ക്ക് ലിസ്റ്റില്‍ ആദ്യ മുപ്പതില്‍ പോലും സ്ഥാനമില്ല. ഏഴാം സ്ഥാനത്തുള്ള അപ്പാച്ചെ സീരിസാണ് ടിവിഎസ് നിരയില്‍ മുന്‍പില്‍. യമഹ FZ പതിനൊന്നാമതും സുസുക്കി ജിക്‌സര്‍ പതിനാലാം സ്ഥാനവും സ്വന്തമാക്കി. മുന്‍നിരയിലുള്ള ബോക്‌സര്‍ X150 ബജാജാ ഓട്ടോ ഇന്ത്യയില്‍ പുതുക്കി അവതരിപ്പിക്കുമെന്ന് ആഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Bajaj Boxer 150
ബജാജ് ബോക്‌സര്‍ BM 150 X - റഷ്യന്‍ സ്‌പെക്ക്