കൊമാകി റേഞ്ചർ ഇലക്ട്രിക് ബൈക്ക് | Photo: Komaki
ജാപ്പനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ കൊമാകി ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പുനല്കിയിരുന്ന ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക് ആയി എത്തിയിട്ടുള്ള ഈ മോഡലിന് റേഞ്ചര്‍ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. വാഹനത്തില്‍ നല്കുന്ന ഏല്ലാ ആക്സസറിയും ഉള്‍പ്പെടെ 1.68 ലക്ഷം രൂപയാണ് റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില.
ഈ ഇലക്ട്രിക് ബൈക്ക് ഉറപ്പാക്കുന്ന ഉയര്‍ന്ന റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റേഞ്ചര്‍ എന്ന് പേര് നല്‍കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഈ വാഹനത്തില്‍ ഉറപ്പാക്കിയിട്ടുള്ള റേഞ്ച് കൊണ്ട് തന്നെ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളോടും മത്സരിക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നും കൊമാകി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഗാര്‍നെറ്റ് റെഡ്, ഡീപ്പ് ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് റേഞ്ച് എത്തുന്നത്.
4000 വീട്ട് ശേഷിയുള്ള മോട്ടോറും നാല് കിലോവാട്ട് ബാറ്ററി പാക്കുമാണ് ഈ വാഹനത്തിന് ഉയര്‍ന്ന റേഞ്ച് ഉറപ്പാക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഉയര്‍ന്ന ഇലക്ട്രിക് കരുത്തിലുള്ള വാഹനമാണിത്. 6.7 ബി.എച്ച്.പിയാണ് ഈ ഇലക്ട്രിക് ബൈക്കിലെ മോട്ടോറിന്റെ പവര്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 180 മുതല്‍ 220 വരെ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ കൊമാകി അവകാശപ്പെടുന്നത്.
സ്റ്റൈലിഷായ രൂപകല്‍പ്പനയാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ആഡംബര ക്രൂയിസര്‍ ബൈക്കുകള്‍ക്ക് സമാനമായാണ് ഈ വാഹനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. റെട്രോ സ്റ്റൈലില്‍ ക്രോം ആവരണം നല്‍കിയുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, വൃത്താകൃതിയില്‍ നല്‍കിയിട്ടുള്ള ഒക്സിലറി ലൈറ്റുകള്‍, വലിയ ഹാന്‍ഡില്‍ ബാര്‍, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, റെഗുലര്‍ ബൈക്കുകളിലെ ടാങ്ക് പോലെയുള്ള ഭാഗവും ഈ ബൈക്കിലുണ്ട്.
സ്റ്റൈലിന് പുറമെ ഫീച്ചര്‍ സമ്പന്നവുമാണ് റേഞ്ചര്‍ ഇ-ബൈക്ക്. എല്‍.ഇ.ഡിയില്‍ തീര്‍ത്ത ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, ഡ്യുവല്‍ സ്റ്റോറേജ് ബോക്സ്, ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം, സൈഡ് സ്റ്റാന്റ് സെന്‍സര്‍, ക്രൂയിസ് കണ്ട്രോള്, ആന്റി-തെഫ്റ്റ് ലോക്ക് സിസ്റ്റം, ഡ്യുവല്‍ സൗണ്ട് പൈപ്പ് വിത്ത് ഫ്ളെയിം എഫക്ട്, മൊബൈല്‍ ചാര്‍ജിങ്ങ് യൂണിറ്റ്, ഗിയര്‍ മോഡ്, ടെലിസ്കോപിക്ക് ഫ്രണ്ട് ഫോര്‍ക്ക് എന്നിവയാണ് റേഞ്ചര്‍ ഇലക്ട്രിക് ബൈക്കില്‍ നല്‍കിയിട്ടുള്ള മറ്റ് ഫീച്ചറുകള്‍.
Content Highlights: India's first electric cruiser bike komaki ranger launched, Electric cruiser bike, Komaki Ranger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..