ഹോര്‍നെറ്റ് 2.0, ഡിയോ എന്നീ മോഡലുകളുടെ റെപ്‌സോള്‍ എഡിഷന്‍ പതിപ്പ് നിരത്തുകളില്‍ വലിയ സ്വീകാര്യത നേടിയതിന് പിന്നാലെ ഹോണ്ടയുടെ മറ്റൊരു മികച്ച സ്‌കൂട്ടറായ ഗ്രാസിയയുടെയും റെപ്‌സോള്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെഗുലര്‍ ഗ്രാസിയ ഡിസൈനിനൊപ്പം റെപ്‌സോള്‍ ഹോണ്ട റേസിങ്ങ് ടീമിന്റെ വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനും ഗ്രാഫിക്‌സും നല്‍കിയാണ് ഈ സ്‌കൂട്ടര്‍ നിരത്തുകളില്‍ എത്തുന്നത്. 

സിറ്റി റൈഡുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഹോണ്ട വിപണിയില്‍ എത്തിച്ചിട്ടുള്ള 125 സി.സി. സ്‌കൂട്ടറാണ് ഗ്രാസിയ. റെപ്‌സോള്‍ മേല്‍വിലാസത്തില്‍ എത്തിയിട്ടുള്ള ഈ സ്‌കൂട്ടറിന് 87,138 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. റെപ്‌സോള്‍ ഗ്രാഫിക്‌സിനും സ്റ്റിക്കറിനും പുറമെ, കൂടുതല്‍ മികച്ച ഡിസൈന്‍ ഒരുക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമുള്ള ഫീച്ചറുകളും നല്‍കിയാണ് ഈ പ്രത്യേക പതിപ്പ് നിര്‍മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നല്‍കിയിട്ടുള്ള ഐഡലിങ്ങ് സ്റ്റോപ്പ് സിസ്റ്റം, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇ.എസ്.പി.) തുടങ്ങിയ ഏറ്റവും മികച്ച സവിശേഷതകള്‍ക്കൊപ്പം പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഈ സ്‌കൂട്ടറിന്റെ പ്രകടനത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നുണ്ട്. ഇന്ത്യയിലെ ഇരുചക്ര റേസിങ്ങ് വാഹന പ്രേമികളില്‍ ഏറെ ആവേശം ജനിപ്പിക്കുന്ന വാഹനമായിരിക്കും ഗ്രാസിയ റെപ്‌സോള്‍ എഡിഷനെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. 

എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഡി.സി. ഹെഡ്‌ലാമ്പ്, മള്‍ട്ടി ഫങ്ഷന്‍ സ്വിച്ച്, ഇന്റഗ്രേറ്റഡ് പാസിങ്ങ് സ്വിച്ച്, എന്‍ജിന്‍ കട്ട് ഓഫ് നല്‍കിയിട്ടുള്ള സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, ഇന്റലിജെന്റ് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, മികച്ച യാത്ര ഉറപ്പാക്കുന്നതിനായി മൂന്ന് തരത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന റിയര്‍ സസ്‌പെന്‍ഷന്‍, മുന്നില്‍ നല്‍കിയിട്ടുള്ള ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ എന്നിവയാണ് ഗ്രാസിയയുടെ റെപ്‌സോള്‍ എഡിഷനില്‍ ഒരുക്കിയിട്ടുള്ള മറ്റ് ഫീച്ചറുകള്‍. 

മെക്കാനിക്കലായി റെഗുലര്‍ മോഡലിന് സമാനമായാണ് റെപ്‌സോള്‍ എഡിഷന്‍ ഗ്രാസിയയും ഒരുക്കിയിരിക്കുന്നത്. പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലുള്ള 124 സി.സി. ഫോര്‍ സ്‌ട്രോക്ക് എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഈ മോഡലിലുമുള്ളത്. ഈ എന്‍ജിന്‍ 8.14 ബി.എച്ച്.പി. പവറും 10.3 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഡിസ്‌ക് വേരിയന്റാണ് റെപ്‌സോള്‍ ആയിട്ടുള്ളത്.

Content Highlights: Honda unveils Grazia125 Repsol Honda Team Edition in India, Honda Grazia, Repsol Edition